ചെന്നൈ: ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പിക്കായാല്‍ ബി.ജെ.പിയുടെ അഹങ്കാരവും ധാര്‍ഷ്ട്യവും വര്‍ദ്ധിക്കുമെന്ന് സാമൂഹ്യ വിമര്‍ശകനും സ്വരാജ് ഇന്ത്യ പ്രസിഡന്റുമായ യോഗേന്ദ്ര യാദവ്. ''ഇത്രയും പ്രതിസന്ധികള്‍ക്കിടയിലും വിജയിക്കാനായാല്‍ യഥാര്‍ത്ഥ വിഷയങ്ങള്‍ ഹിന്ദു-മുസ്ലിം വിഭജനവും വെറുപ്പും കൊണ്ടും മറികടക്കാന്‍ ബി.ജെ.പിക്ക് പ്രേരണയാവും.'' ഡല്‍ഹിയില്‍നിന്ന് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യഭാഗം: കര്‍ഷക സമരം മുന്നോട്ട്; പോരാട്ടം ഒരേ സമയം സര്‍ക്കാരിനും കൊറോണയ്ക്കുമെതിരെ- യോഗേന്ദ്ര യാദവ് 

ഇക്കുറി ബംഗാള്‍ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏതുവിധേനയും ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്ക്. ബംഗാളില്‍ തിരിച്ചടിയുണ്ടായാല്‍ ബി.ജെ.പിക്ക്  മാനസാന്തരമുണ്ടാവുമെന്ന് കരുതുന്നുണ്ടോ?

തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് മുന്‍കൂട്ടി ഞാനിപ്പോള്‍ സംസാരിക്കാറില്ല. നേരത്തെ ഇത്തരം പ്രവചനങ്ങള്‍ ഞാന്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ശാസ്ത്രീയമായി ശ്രമിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയെന്ന നിലയ്ക്കായിരുന്നു ആ ഉദ്യമങ്ങള്‍. നിരവധി പേരുമായി സംസാരിച്ചും സര്‍വ്വെകള്‍ നടത്തിയും വിശകലനങ്ങള്‍ തയ്യാറാക്കിയും നടത്തിയിരുന്ന പ്രക്രിയയായിരുന്നു അത്. ഇന്നിപ്പോള്‍ ഞാന്‍ ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണ്. കൃത്യമായൊരു രാഷ്ട്രീയ നിലപാട് എന്റെ പാര്‍ട്ടിക്കുണ്ട്. രാഷ്ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാവുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുപ്പ് പ്രവചനം നടത്താന്‍ പാടില്ല. കളിക്കാരല്ല കളിയെക്കുറിച്ച് അഭിപ്രായം പറയേണ്ടത്.

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ കര്‍ഷക സമരം നിര്‍ണ്ണായക വിഷയമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നത് ശരിയാണ്. തിരിച്ചടിയുണ്ടായാല്‍ ചിലപ്പോള്‍ അവര്‍ പുനഃപരിശോധന നടത്തിയേക്കും. വിജയിച്ചാല്‍ അവര്‍ കൂടുതല്‍ ധാര്‍ഷ്ട്യവും ധിക്കാരവും കാട്ടാനാണിട. ഇന്ത്യ ഇന്നു നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഹിന്ദു-മുസ്ലിം വിഭജനത്തിലും വെറുപ്പിലും കുഴിച്ചു മൂടാനാവുമെന്ന് അവര്‍ ധരിക്കും. അതൊരു ദുഃഖകരമായ പരിണതിയായിരിക്കും.

ബംഗാള്‍ തിരഞ്ഞെടുപ്പ് ഹിന്ദുത്വയുടെ രാസപരീക്ഷണമാണെന്നാണോ?

അങ്ങിനെയല്ല. മറ്റു പല വിഷയങ്ങളുമുണ്ട്. പത്തു വര്‍ഷമായി ഭരിക്കുന്ന പാര്‍ട്ടിക്കെതിരെയുള്ള വികാരം തള്ളിക്കളയാനാവില്ല. പക്ഷേ, തിരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ അത് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വിജയമായി ചിത്രീകരിക്കാനാവും ബി.ജെ.പി. താല്‍പര്യപ്പെടുക. അതാണെന്റെ പേടി.

ബംഗാള്‍ ബി.ജെ.പി. പിടിച്ചാല്‍ അത് പ്രതിപക്ഷമുക്തമായ ഭാരതത്തിന്റെ തുടക്കമാവും എന്ന നിരീക്ഷണത്തെക്കുറിച്ച് എന്ത് പറയുന്നു?

ഞാന്‍ ഈ നിരീക്ഷണം പങ്ക് വെയ്ക്കുന്നില്ല. വടക്കേ ഇന്ത്യ മാത്രമാണ് ഭാരതം എന്ന ചിന്താഗതിയുടെ പ്രതിഫലനമാണിത്. ഇന്ത്യയെന്നാല്‍ വടക്കേ ഇന്ത്യ മാത്രമല്ല. തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലുമൊക്കെ ബി.ജെ.പി. എവിടെയാണുള്ളത്? തിരഞ്ഞെടുപ്പ് രാഷ്ട്രീയം യഥാര്‍ത്ഥ രാഷ്ട്രീയ വിഷയങ്ങളില്‍നിന്ന് വ്യതിചലിക്കുകയാണെന്നതാണ് ശരിക്കുള്ള പ്രശ്നം. ആരാണ് ജയിക്കുന്നത് ആരാണ് തോല്‍ക്കുന്നത് എന്നതിനേക്കാള്‍ എന്നെ വിഷമിപ്പിക്കുന്നത് ഈ പ്രശ്നമാണ്. യഥാര്‍ത്ഥ പ്രശ്നമല്ല തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. നോട്ട് നിരോധനം എടുക്കുക. ഇന്ത്യയിലെ എല്ലാ വിഭാഗം ജനതയെയും വലച്ച നടപടിയായിരുന്നു അത്. പക്ഷേ, ആറു മാസത്തിനകം നടന്ന യു.പി. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചു. അതോടെ യു.പി. തിരഞ്ഞെടുപ്പ് വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന് ബി.ജെ.പി. പ്രചരിപ്പിച്ചു. ഇതാണ് എന്നെ അലട്ടുന്നത്. അടിത്തട്ടിലുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളുടെ പുറത്തല്ല ആളുകള്‍ വോട്ടു ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ഇപ്പോള്‍ നടത്താറില്ലെന്ന് താങ്കള്‍ പറഞ്ഞു. പക്ഷേ, തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍നിന്നും താങ്കള്‍ക്ക് പ്രതികരണങ്ങള്‍ കിട്ടുന്നുണ്ടാവണം. എന്താണ് താങ്കള്‍ക്ക് കിട്ടുന്ന റിപ്പോര്‍ട്ട്?

ഊഹാപോഹത്തിന് ഞാനില്ല. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ഒരാളെന്ന നിലയില്‍ ഇപ്പോള്‍ പ്രവചനങ്ങളില്‍നിന്ന് വിട്ടു നില്‍ക്കുന്നതാണ് ഉചിതവും ന്യായവും.

ഈ തിരഞ്ഞെടുപ്പില്‍ താങ്കളുടെ പാര്‍ട്ടിക്ക് റോളൊന്നുമില്ലല്ലോ?

ഞങ്ങളുടെ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നത് ശരിയാണ്. പക്ഷേ, ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുണ്ട്. ഞാന്‍ നേരിട്ട് ബംഗാളിലും അസമിലും പോയിരുന്നു. ബി.ജെ.പിക്കൊഴികെ ഏതു പാര്‍ട്ടിക്കും വോട്ടു ചെയ്യാം എന്നാണ് ഞാന്‍  ഈ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരോട് പറഞ്ഞത്. ഇത് പ്രധാനമായും കര്‍ഷക സമരത്തിന്റെ ഭാഗമായിട്ടുള്ള സന്ദേശമായിരുന്നു. ഈ സന്ദേശം എത്രമാത്രം സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. ഞങ്ങളുടെ പാര്‍ട്ടി സംവിധാനം അത്രയേറെ ശക്തമൊന്നുമല്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. ഞങ്ങളുടേത് കൂടുതലായും പ്രതീകാത്മകമായ ഇടപെടലാണ്.

ദ പ്രിന്റില്‍ എഴുതിയ ഏറ്റവും അവസാനത്തെ ലേഖനത്തില്‍ താങ്കള്‍ പറഞ്ഞത് പ്രധാനമന്ത്രി മോദിക്ക് തിരഞ്ഞെടുപ്പുകള്‍ ജയിക്കാനറിയാം എന്നാല്‍ ഭരിക്കാനറിയില്ല എന്നാണ്. വിശദമാക്കാമോ?

പോസ്റ്റ്മോര്‍ട്ടത്തിന് പറ്റിയ സമയമാണിതെന്ന് ഞാന്‍ കരുതുന്നില്ല. രാഷ്ട്രം വലിയൊരു പ്രതിസന്ധിയെ നേരിടുന്ന സമയമാണിത്. നമ്മുടെ ശ്രദ്ധ പൂര്‍ണ്ണമായും ഈ പോരാട്ടം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരു കൊല്ലം ഒരു മേഖലയിലും- മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ , സാധാരണ മനുഷ്യര്‍ക്ക് സഹായമെത്തിക്കുന്നതില്‍, സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതില്‍- ഇതിലൊന്നിലും തന്നെ മോദി സര്‍ക്കാരിന് ഒരു നേട്ടവും അവകാശപ്പെടാനില്ല. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല, പത്രങ്ങളിലെ തലക്കെട്ടുകള്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിലാണ് ഈ സര്‍ക്കാര്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിച്ചത്. ആളുകള്‍ മരിക്കുന്നതിലല്ല, മരണവാര്‍ത്തകള്‍ മാദ്ധ്യമങ്ങള്‍ വരുന്നതിലാണ് ഈ സര്‍ക്കാരിന് ആവലാതി.

തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതില്‍ മോദിക്ക് സവിശേഷ മികവുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് യന്ത്രം ബി.ജെ.പിയുടേതാണ്. പക്ഷേ, ഭരണത്തില്‍ ഈ കഴിവ് കാണുന്നില്ല. എങ്കിലും  സര്‍ക്കാരിന്റെ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സമയമല്ല ഇത്. ഈ പ്രതിസന്ധി തരണം ചെയ്തിട്ടാകാം പോസ്റ്റ്മോര്‍ട്ടം.

പക്ഷേ, രാജ്യത്തെ വാക്സിന്‍ നയം മോദി സര്‍ക്കാര്‍ മാറ്റിമറിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശമാണുയരുന്നത്. വാക്സിന്‍ നിര്‍മ്മാതാക്കളായ കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഭരണകൂടം അടിയറവ് പറഞ്ഞിരിക്കുകയാണെന്നാണ് വിമര്‍ശം ?

വാക്സിന്റെ കാര്യത്തില്‍ ഒരു ഫോര്‍മുലയേ ഉള്ളുവെന്നാണ് ഞാന്‍ കരുതുന്നത്. രാജ്യത്തെല്ലായിടത്തും വാക്സിന്‍ സൗജന്യമായി ലഭിക്കണം. വസൂരിയുടേയും പോളിയോയുടെയും കാര്യത്തില്‍ ഇതായിരുന്നു ഇന്ത്യയുടെ നിലപാട്. ഈ നിലപാടില്‍ മാറ്റമുണ്ടാവരുത്. പൂണെയിലുണ്ടാക്കുന്ന ഒരു വാക്സിന് ലണ്ടനിലെ  വില പൂണെയിലേതിനേക്കാള്‍ കുറവാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞത് 18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ സ്വകാര്യ കേന്ദ്രങ്ങളില്‍നിന്ന് മാത്രമേ ലഭിക്കുകയുള്ളുവെന്നാണ്?

വാക്സിന്‍ ലഭ്യമാക്കേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിനുണ്ട്. അതില്‍നിന്നും സര്‍ക്കാര്‍ പിന്മാറരുത്.

കേന്ദ്ര സര്‍ക്കാര്‍ പൗരസമൂഹത്തോടുള്ള അടിസ്ഥാനപരമായ കടമയില്‍നിന്ന് പിന്നാക്കം പോവുകയാണെന്നാണ് മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുജാത റാവു കുറ്റപ്പെടുത്തുന്നത്?

ഞാന്‍ അവരോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇതാദ്യമായാണ് ഇത്തരമൊരു കടമയില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കം പോവുന്നത്. പൗരസമൂഹം ഒന്നിച്ച് മുന്നോട്ട് വന്ന് കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനാവൂ.

രാജ്യത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും പൗര സമൂഹത്തെ കൈയ്യൊഴിയുകയാണെന്ന് വിമര്‍ശമുണ്ട്. ഈ പരിതസ്ഥിതിയില്‍ പൗരസമൂഹത്തിന് എത്രമാത്രം സമ്മര്‍ദ്ദം ചെലുത്താനാവും ?

ജനാധിപത്യത്തില്‍ ഇതല്ലാതെ മറ്റെന്ത് വഴിയാണുള്ളത്? ഭരണഘടനയെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ തന്നെ ഭരണഘടന സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം. ജനാധിപത്യത്തില്‍ അവസാന പ്രതീക്ഷ ജനങ്ങള്‍ തന്നെയാണ്. ഭരണഘടന തുടങ്ങുന്നതു തന്നെ വീ ദ പീപ്പിള്‍ എന്ന് പറഞ്ഞാണ്. അപ്പോള്‍ നമ്മള്‍ ജനങ്ങള്‍ തന്നെ മുന്നോട്ടു വന്നാലേ ഇത്തരം പ്രതിസന്ധികളില്‍ രാഷ്ട്രത്തെ രക്ഷിച്ചെടുക്കാനാവൂ.

Content Highlights: Modi know how to win elections, but don't know how to rule, says Yogendra Yadav