മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ അപ്രതീക്ഷിതമായി പ്രശംസ ചൊരിഞ്ഞ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. പ്രധാനമന്ത്രി മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവാണെന്നും ബിജെപിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണിത്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മഹാരാഷ്ട്രാ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ റാവത്ത് തയ്യാറായില്ല. മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളില്‍ ഔദ്യോഗിക പ്രസ്താവനകള്‍ വരും. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി നേടുന്ന വിജയങ്ങള്‍ക്കെല്ലാം ബിജെപി മോദിയോട് കടപ്പെട്ടിരിക്കുന്നു. നിലവില്‍ രാജ്യത്തിന്റെയും ബിജെപിയുടെയും ഏറ്റവും വലിയ നേതാവാണ് അദ്ദേഹം  - റാവത്ത് പറഞ്ഞു.

ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. കടുവയുമായി (ശിവസേനയുടെ ചിഹ്നം)  ആര്‍ക്കും ചങ്ങാത്തം കൂടാന്‍ കഴിയില്ല. ആരുമായി ചങ്ങാത്തം കൂടണമെന്ന് കടുവ തീരുമാനിക്കും  - റാവത്ത് പറഞ്ഞു.

വടക്കന്‍ മഹാരാഷ്ട്രയില്‍ പര്യടനം നടത്തുന്നതിനിടെയാണ് റാവത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് പര്യടനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താനും അടിത്തറ വിപുലപ്പെടുത്താനും മഹാവികാസ് അഘാഡിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യമാണത്. സഖ്യം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Content Highlights: Modi is the top leader of the country - Shiv Sena's Sanjay Raut