അരുൺ ഷൂറി | Photo: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഋഷിയെന്ന് വിശേഷിപ്പിക്കുന്നത് അതിവായനയാവുമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും മുന്‍ ബി.ജെ.പി. നേതാവുമായ അരുണ്‍ ഷൂറി അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദ പ്രിന്റിന്റെ നാഷനല്‍ എഡിറ്റര്‍ ജ്യോതി മല്‍ഹോത്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഷൂറി ഈ നിരീക്ഷണമുയര്ത്തിയത്. ആര്.എസ്.എസ്. ഇപ്പോള്‍ സമ്പൂര്‍ണ്ണമായും മോദിക്ക് വിധേയപ്പെട്ടിരിക്കുകയാണെന്നും ഷൂറി പറഞ്ഞു.
''താടി വളര്ത്തുന്നതുകൊണ്ടോ ബദ്രിനാഥിലെ ഗുഹയില്‍ ഒരു ദിവസം താമസിക്കുന്നതുകൊണ്ടോ ഒരാളെ ഋഷിയെന്ന് വിളിക്കാനാവില്ല. ത്യജിക്കലാണ് ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഋഷിമാരുടെ വലിയൊരു അടയാളം. ത്യജിക്കാനുള്ള ആഗ്രഹം മോദിക്കുണ്ടെന്ന് പറയാനാവില്ല. ഗുഹയില്‍ പോയിരുന്ന ശേഷം അതിന്റെ ഫോട്ടോയെടുത്ത് പരസ്യപ്പെടുത്തുകയാണ് മോദി ചെയ്തത്.'' ഷൂറി പറയുന്നു.
ഇത് ത്യജിക്കലല്ല. മോദി താടി നീട്ടി വളര്‍ത്തുന്നത് അടുത്ത പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണെന്നും ഷൂറി പറഞ്ഞു. മഹാനായ ഋഷിക്ക് വോട്ടു ചെയ്യൂ എന്നായിരിക്കും മോദിയുടെ അടുത്ത മുദ്രാവാക്യം. ഇടയ്ക്കിടയ്ക്ക് വേഷഭൂഷാദികള്‍ മാറ്റുന്ന നേതാവാണ് മോദി. ചിലപ്പോള്‍ അദ്ദേഹം മുടി നീട്ടി വളര്‍ത്തും, ചിലപ്പോള്‍ മുടിയുടെ നീളം കുറയ്ക്കും. മോദിയുടെ നീണ്ട താടി ത്യാഗത്തിന്റെയോ ത്യജിക്കലിന്റെയോ പ്രതീകമല്ലെന്നും അതൊരു ഫോട്ടോഗ്രാഫ് മാത്രമാണെന്നും ഷൂറി പരിഹസിച്ചു.
ഭരണാധികാരി എന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല എന്നതുകൊണ്ടാണ് മോദി ഇത്തരം പ്രകടനങ്ങളിലേക്ക് നീങ്ങുന്നതെന്നും ഷൂറി നിരീക്ഷിച്ചു. ഒരു മിതവാദി എന്ന നിലയില്‍ സ്വയം പ്രതിഷ്ഠിക്കാനാണ് മോദി ശ്രമിക്കുന്നത്. അമിത് ഷായില്‍നിന്നും യോഗി ആദിത്യനാഥില്നിന്നും നമ്മളെ രക്ഷിക്കാന്‍ കഴിയുന്ന മിതവാദിയാണ് മോദിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണിത്. യഥാര്‍ത്ഥ ഹരിശ്ചന്ദ്രനും ഹരിശ്ചന്ദ്രനായി അഭിനയിക്കുന്ന നടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഓര്‍ക്കണമെന്നും ഷൂറി ചൂണ്ടിക്കാട്ടി.
മോദിയുടെ പ്രസംഗങ്ങളിലല്ല, പ്രസംഗങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നതെന്നതിലാണ് നമ്മള് ശ്രദ്ധ കേന്ദ്രികരിക്കേണ്ടതെന്ന് ഷൂറി അഭിപ്രായപ്പെട്ടു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചുവെന്നതുകൊണ്ട് രാജ്യം നന്നാവണമെന്നില്ലെന്ന് ഷൂറി പറഞ്ഞു. ''ഒരു ഭരണാധികാരിക്ക് പല കാരണങ്ങള്‍ കൊണ്ടും തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാവും പക്ഷേ, അപ്പോഴും രാഷ്ട്രം നാശത്തെ അഭിമുഖീകരിക്കുകയാവും. ബൊള്സൊണാരൊ ബ്രസീലിനോടും എര്ദോഗാന് ടര്ക്കിയോടും ചെയ്യുന്നത് നമ്മള് കാണുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളെ ഇവര്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ഇവര്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്യുന്നു.''
പ്രതിപക്ഷമാണ് ഇത്തരം വിജയങ്ങളുടെ മുഖ്യകാരണമെന്ന് ഷൂറി പറഞ്ഞു. ആരാണ് അപ്പുറത്തുള്ളതെന്ന് ജനം നോക്കും. പ്രതിപക്ഷം ദുര്ബ്ബലമാവുന്നതുകൊണ്ടാണ് ഈ വിജയങ്ങളുണ്ടാവുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കപ്പെടുന്നതും ഇതിനു കാരണമാണ്. ഭരണാധികാരി ചെയ്യുന്നതെന്തും ന്യായീകരിക്കപ്പെടുന്നു. ഭരണാധികാരിക്ക് ഗുണകരമായ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ നോക്കുക. അതൊരു കുംഭകോണമാണ്.
പേടിച്ചരണ്ട വന്‍കിട ബിസിനസ്സുകാര്‍ ഭരണാധികാരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മാത്രം സംഭാവനകള്‍ നല്കുന്ന പ്രവണതയാണിത്. ഈ ഫണ്ടുകളുടെ ഉറവിടം പുറത്തു വിടേണ്ട ആവശ്യമില്ല. പി.എം. കെയേഴ്സ് ഫണ്ടും ഇതു തന്നെയാണ് ചെയ്യുന്നത്. അത് സിഎജി ഓഡിറ്റിങ്ങിന് വിധേയമല്ല. കോടതിയും പറയുന്നത് അതൊരു പൊതു ഫണ്ടല്ലെന്നും അതുകൊണ്ട് തന്നെ ഓഡിറ്റ് ചെയ്യപ്പെടേണ്ടതില്ലെന്നുമാണ്.
പ്രതിപക്ഷത്തിന് ഒരു തരത്തിലും കിടപിടിക്കാനാവാത്ത ഫണ്ടാണ് ഇതിലൂടെ ഭരണാധികാരിക്കും ഭരിക്കുന്ന പാര്‍ട്ടിക്കും കിട്ടുന്നത്. ഭരണാധികാരിക്ക് അദ്ദേഹത്തിനിഷ്ടമുള്ള റഫറിമാരെ കിട്ടുന്നു. അങ്ങിനെ പ്രതിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഗംഭീരമാണെന്നു വരുന്നു. ഇത്തരം വസ്തുതകള്‍ ചൂണ്ടിക്കാട്ടുകയാണ് മാദ്ധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും ഈ വസ്തുതകള്‍ അവഗണിച്ചാല്‍ ജനങ്ങള്‍ കഷ്ടപ്പെടേണ്ടി വരുമെന്നും ഷൂറി വ്യക്തമാക്കി.
അടിയന്തരവാസ്ഥക്കാലത്ത് ജനങ്ങള്‍ സഹിക്കേണ്ടി വന്നത് ജയപ്രകാശ് നാരായണെ പോലുള്ളവരുടെ വാക്കുകള്‍ അവഗണിച്ചതുകൊണ്ടാണെന്ന് ഷൂറി ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലടിച്ചു നില്‍ക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് ഷൂറി പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്നത് ഇടതുപാര്‍ട്ടികള്‍ക്ക് ഗുണം ചെയ്തു. പക്ഷേ, ഇതിനവര്‍ 40 കൊല്ലമെടുത്തു. ബംഗളില്‍ മമതയ്ക്കെതിരെ നില്‍ക്കാനാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ശ്രമിക്കുന്നത്. ഇതാര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് ഷൂറി ചോദിച്ചു. സ്വയം തകരുമ്പോഴും തമ്മിലടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
സുശക്തമായ കാഡറുണ്ടെന്നതാണ് മോദിയെ പ്രബലനാക്കുന്നതെന്ന് ഷൂറി നിരീക്ഷിച്ചു. ''നിലവില്‍ ബി.ജെ.പിക്ക് കാഡറില്ല. പക്ഷേ, ആര്.എസ്.എസ്സിനുണ്ട്. ഈ കാഡറാണ് മോദിയുടെ പിന്‍ബലം.'' ആര്.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവത് നല്ല മനുഷ്യനാണ്. പക്ഷേ, അദ്ദേഹത്തിനിപ്പോള്‍ കൈയ്യും കാലുമില്ലാത്ത അവസ്ഥയാണ്. കാരണം ആര്.എസ്.എസിന്റെ ജില്ലാ , സംസ്ഥാന നേതാക്കള്‍ ഇപ്പോള്‍ മോദിക്കൊപ്പമാണ്. മോദിയുടെ സേനയാണവര്. അവരെ മോദി സമ്പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുന്നു.
ആര്.എസ്.എസിന്റെ മേല്‍ത്തട്ടിലുള്ള കുറച്ചു നേതാക്കള്‍ക്ക് സംസ്കാരത്തെക്കുറിച്ചും ഹിന്ദുത്വയെക്കുറിച്ചും പ്രഭാഷണം നടത്താമെന്നല്ലാതെ മറ്റൊന്നിനും ഇപ്പോള്‍ കഴിയില്ല. തന്റെ കൂടെ നില്ക്കുന്ന ആര്.എസ്.എസ്. നേതാക്കള്‍ക്ക് എല്ലായിടത്തും പ്രാമുഖ്യം കൊടുക്കാന്‍ മോദി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ പലന്പൂരിനടത്തുള്ള വിമാനത്താവളത്തില്‍ താനും കുടുംബവും നില്‍ക്കവെ പൊടുന്നനെ സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരെ വശങ്ങളിലേക്ക് മാറ്റി നിര്‍ത്തിയത് ഷൂറി ഓര്‍മ്മിച്ചു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ചില ആര്.എസ്.എസ്. നേതാക്കള്‍ വരുന്നുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.
ആര്.എസ്.എസ്. ഇപ്പോള്‍ മോദിയുടെ ചൊല്‍പ്പടിയിലാണ്. ബിഹാറിലേക്ക് ആയിരം സ്വയംസേവകരെ അയക്കണമെന്ന് മോദി ആവശ്യപ്പെട്ടാല്‍ അതനുസരിക്കാന്‍ മാത്രമേ മോഹന്‍ ഭാഗവതിന് കഴിയൂ. ഇത്തരമൊരു കാഡര്‍ പ്രതിപക്ഷത്തനില്ല. വാജ്പേയിയും അദ്വാനിയും തലപ്പത്തുണ്ടായിരുന്നപ്പോള്‍ ബി.ജെ.പിക്ക് കാഡറുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ബി.ജെ.പിക്ക് കാഡറില്ല. ആര്.എസ്.എസിനെയാണ് ഇതിനു പകരം മോദി പ്രയോജനപ്പെടുത്തുന്നത്.
ബി.ജെ.പിക്ക് ഇപ്പോള്‍ കൂട്ടായ നേതൃത്വമില്ലെന്നും ഒരാള്‍ മാത്രമാണ് നേതാവെന്നും ഷൂറി കുറ്റപ്പെടുത്തി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തോട് വിമര്‍ശപരമായി സംസാരിക്കാന്‍ മറ്റ് മന്ത്രിമാര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് ഷൂറി പറഞ്ഞു. ''ഇപ്പോള്‍ ഏതെങ്കിലും മന്ത്രിക്ക് മോദിയോട് അങ്ങിനെ സംസാരിക്കാനാവുമോ? അന്ന് വിമര്‍ശനങ്ങളോട് വാജ്പേയിയോ അദ്വാനിയോ മുഖം തിരിച്ചിരുന്നില്ല. ഇപ്പോള്‍ പാര്‍ട്ടിക്ക് മുകളിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ്.''
പ്രധാനമന്ത്രിയുടെ ഓഫിസ് എടുക്കുന്ന നടപടികള്‍ ന്യായീകരിക്കേണ്ട ഗതികേടിലാണ് ബി.ജെ.പിയെന്നും ഷൂറി കുറ്റപ്പെടുത്തി. ''ഇപ്പോഴും നോട്ട് നിരോധനത്തെ അവര്‍ ന്യായീകരിക്കുകയാണ്. ബി.ജെ.പി. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് യന്ത്രം മാത്രമാണ്. ഒരു തരത്തിലുള്ള ആശയങ്ങളും അത് ഉത്പാദിപ്പിക്കുന്നില്ല. ഒരു തരത്തിലുള്ള പരിഹാരവും അത് മുന്നോട്ടുവെയ്ക്കുന്നില്ല. ''
ഇടത്തരക്കാരെക്കൊണ്ട് നിറഞ്ഞ മന്ത്രിസഭയാണ് നിലവില്‍ കേന്ദ്രത്തിലുള്ളതെന്ന് ഷൂറി പറഞ്ഞു. ഇത് രാജ്യത്തിന് പുറത്തുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട്. ചൈനയെപ്പോലൊരു രാഷ്ട്രം ഈ ക്യാബിനറ്റിനെ വിലയിരുത്തും. ആരൊക്കെയാണ് സുപ്രധാന സ്ഥാനങ്ങളിലുള്ളതെന്ന് അവര്‍ നോക്കും. ഇടത്തരക്കാരാണ് ഈ സ്ഥാനങ്ങളിലുള്ളതെന്നത് അവര്‍ കൃത്യമായി മനസ്സിലാക്കും. ഇവരെവെച്ചുകൊണ്ട് ഇന്ത്യയ്ക്ക് എന്താണ് ചെയ്യാനാവുകയെന്ന ചോദ്യമുണ്ടാവും.
പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം കുറയുന്നുവെന്ന പ്രതിഭാസം ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തുന്നുണ്ടെന്നും ഷൂറി ചൂണ്ടിക്കാട്ടി. നിതീഷ്കുമാറിന്റെയും ജെ.ഡി.യുവിന്റെയും തകര്‍ച്ച ഇതാണ് കാണിക്കുന്നത്. കുറച്ചുകഴിയുമ്പോള്‍ നിതീഷിനെ ചിലപ്പോള്‍ ഉപരാഷ്ട്രപതിയാക്കിക്കൊണ്ട് ബിഹാറില്‍ ബി.ജെ.പി. അധികാരം പൂര്‍ണ്ണമായും ഏറ്റെടുത്തേക്കുമെന്നും ഷൂറി പറഞ്ഞു.
''പരമോന്നത നേതാവിന്റെ അധികാരം കൂടുതല്‍ പ്രബലമാവുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബ്ബലമാവുന്നു , സംസ്ഥാനങ്ങളുടെ പ്രാമുഖ്യവും നഷ്ടപ്പെടുന്നു.'' സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് ഷൂറി കുറ്റപ്പെടുത്തി. ''വാജ്പേയി ഇങ്ങനെയല്ല പെരുമാറിയിരുന്നത്. അദ്ദേഹം സംസ്ഥാനങ്ങളുമായി ആശയവിനിമയത്തിന് സദാ തയ്യാറായിരുന്നു.''
ഗാന്ധിജിയെ ഒരേ സമയം ഏറ്റെടുക്കുകയും തകര്‍ക്കുകയും ചെയ്യുകയാണ് ആര്.എസ്.എസെന്നും ഷൂറി കുറ്റപ്പെടുത്തി. ഗാന്ധിജയന്തി ആഘോഷിക്കുകയും നാഥുറാം ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന പ്രതിഭാസമാണത്. മറ്റു നേതാക്കളേയും ആര്.എസ്.എസ്. ഇതുപോലെ ഏറ്റെടുക്കുമെന്നും ഷൂറി പറഞ്ഞു. ഇതിന് മോദിയെ കുറ്റം പറയാനാവില്ലെന്നും കോണ്‍ഗ്രസ് നല്കുന്ന അവസരം അദ്ദേഹം പ്രയോജനപ്പെടുത്തുകയാണെന്നും ഷൂറി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ നേതാക്കളെ ഏറ്റെടുക്കുന്നത് അവരുടെ ആശയങ്ങള്‍ പിന്തുടരാനാണെന്ന് നമ്മള് ധരിക്കരുതെന്നും ഷൂറി മുന്നറിയിപ്പ് നല്കി.
Content Highlights:
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..