ന്യൂഡല്‍ഹി: പ്രതിഷേധങ്ങളും രാഷ്ട്രീയമായി പാര്‍ട്ടിക്കുണ്ടാകുന്ന നഷ്ടങ്ങളും വരെ സഹിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങളാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരിക്കലും ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാനായി മോദി സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. സദ്ഭരണ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുന്‍സര്‍ക്കാരുകള്‍ ചില സന്ദര്‍ഭങ്ങളില്‍ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഒരിക്കലും ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാനായി തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടില്ല. ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. ഇവ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. മുന്‍സര്‍ക്കാറുകളുടെ അത്തരം തീരുമാനങ്ങള്‍ ഹ്രസ്വകാലത്തേക്ക് ജനപ്രീതി നല്‍കും. എന്നാല്‍ ഇത് രാജ്യത്തെ പ്രശ്നങ്ങളിലേക്ക് തള്ളിവിടും', അമിത് ഷാ പറഞ്ഞു.
വ്യത്യസ്തമായ പാതയാണ് മോദി സ്വീകരിക്കുന്നത്. ചില കയ്പേറിയ അനുഭവങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയ നഷ്ടങ്ങളും ഇതുകൊണ്ടുണ്ടാകും. എന്നാല്‍ ഇവയെല്ലാം സഹിച്ച് ജനങ്ങള്‍ക്ക് ഗുണകരമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മികച്ച ഭരണം ഉറപ്പുവരുത്താന്‍ അഗാധമായ പ്രതിബദ്ധതയുള്ള ഒരാള്‍ക്ക് മാത്രമേ ഇതെല്ലാം ചെയ്യാന്‍ സാധിക്കൂ. മോദിക്ക് ഇതു സാധ്യമായി. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തതെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ സൗജന്യ ഭവനം, ശൗചാലയം, ഗ്യാസ് സിലിണ്ടര്‍, കുടിവെള്ളം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളും സദ്ഭരണത്തോടുള്ള കേന്ദ്രത്തിന്റെ സമഗ്ര സമീപനമെന്ന നിലയില്‍ അമിത് ഷാ ചൂണ്ടിക്കാണിച്ചു. കോവിഡ് മഹാമാരിക്കിടെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കിയ പദ്ധതിയെക്കുറിച്ചും അമിത് ഷാ പരാമര്‍ശിച്ചു.
content highlights: Modi Govt Takes Decisions That Are Good For People, Even at the Cost of Political Damage says Amit Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..