പുണെ: ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐപിസി) ക്രിമിനല്‍ നടപടി ചട്ടവും (സിആര്‍പിസി) ഭേഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബലാത്സംഗം പോലെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കാന്‍ വൈകുന്നുവെന്ന പരാതി വിവിധ കോണുകളില്‍നിന്ന് ഉയരുന്നതിനിടെയാണ് പ്രഖ്യാപനം. പുണെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബലാത്സംഗവും കൊലപാതകവും പോലെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഉതകുംവിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തവിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം ആരാഞ്ഞത്.
2012 ല്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗവും കൊലപാതകവും സംബന്ധിച്ച കേസില്‍ പ്രതികളുടെ ശിക്ഷ ഇനിയും നടപ്പാക്കാത്തത് അടക്കമുള്ളവ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഓാള്‍ ഇന്ത്യന്‍ പോലീസ് യൂണിവേഴ്‌സിറ്റിയും, ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയും സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു. ഈ സര്‍വകലാശാലകളുടെ നിയന്ത്രണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോളേജുകള്‍ ഉണ്ടാവും. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൈവരിച്ച നേട്ടങ്ങളെ ആഭ്യന്തരമന്ത്രി യോഗത്തില്‍ പ്രശംസിച്ചു. വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാര്‍ ഭല്ല തുടങ്ങിയവര്‍ പങ്കെടുത്ത മൂന്ന് ദിവസത്തെ യോഗത്തിലാണ് അമിത് ഷാ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
Content highlights: Modi govt resolves to make changes in IPC, CrPC: Amit Shah