ന്യൂഡല്‍ഹി: 2016 ല്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. മിന്നലാക്രമണത്തിന്റെ വാര്‍ഷികം അടുത്തുവന്ന പശ്ചാത്തലത്തിലാണ്‌ വീഡിയോ പുറത്തുവിട്ടത്. 

2016 സെപ്റ്റംബര്‍ 29 നായിരുന്നു ഉറി ആക്രമണത്തിന് പ്രതികാരമായി പാക് അധിനിവേശ കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ ( ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സജ്ജരായി ഭീകരര്‍ തങ്ങുന്ന കേന്ദ്രം) സൈന്യം തകര്‍ത്തത്. 

പ്രത്യേക ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്ന സൈന്യത്തിന്റെ പാരാ കമാന്‍ഡോകളാണ് മിന്നലാക്രമണം നടത്തിയത്. അന്ന് നടത്തിയ മിന്നലാക്രണത്തിന്റെ ദൃശ്യങ്ങളില്‍ ചിലത് കഴിഞ്ഞ ജൂണില്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഭീകരരുടെ ലോഞ്ച് പാഡുകളുടെ ദൃശ്യങ്ങളും കമാന്‍ഡോകള്‍ അവ തകര്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.  കമാന്‍ഡോകള്‍ പകര്‍ത്തിയതും ദൗത്യം നിരീക്ഷിക്കാനായി ഡ്രോണുകള്‍ ഉപയോഗിച്ച് പകര്‍ത്തിയതുമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

പാകിസ്താനിലേക്ക് വീണ്ടും ഭീകരര്‍ക്കെതിരെ മിന്നലാക്രമണം നടത്തേണ്ടിവരുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത്ത് ദിവസങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പഴയ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നതാണ് ശ്രദ്ദേയം.


Content Highlights: Indian Army, Surgical Strike, Pak Occupied Kashmir, India, Pakistan, Terrorrosts