ന്യഡല്‍ഹി:  നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ല എന്ന കണക്കുകള്‍ വ്യാജമാണെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നോട്ട് അസാധുവാക്കല്‍ ജിഡിപിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തി. അഹമ്മദാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഡിപിയുടെ ത്രൈമാസ ഡേറ്റകള്‍ വിശ്വസിക്കരുതെന്നും അവയെല്ലാം കള്ളമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. എന്റെ പിതാവാണ് സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകന്‍. അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡയ്‌ക്കൊപ്പം ഞാന്‍ അവിടെ പോയിരുന്നു. അവിടെ അദ്ദേഹം സിഎസ്ഒയുടെ ചുമതലയുള്ള ആളെ വിളിച്ചുവരുത്തി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാട്ടാന്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഇത്. അതിലാണ് ജിഡിപിയില്‍ നോട്ട് അസാധുവാക്കലിന്റെ പ്രതിഫലനം ഉണ്ടാകുന്നില്ലെന്ന് അവര്‍ പറയുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

നോട്ട് അസാധുവാക്കല്‍ പോലെയൊന്ന് സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് അവര്‍ വെളിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല വിദേശ റേറ്റിങ് ഏജന്‍സികളായ മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോര്‍ട്ട് വിശ്വസിക്കരുതെന്നും പണം നല്‍കിയാല്‍ നമുക്ക് വേണ്ട റിപ്പോര്‍ട്ടുകള്‍ അവര്‍ പുറത്തിറക്കുമെന്നും സ്വാമി വ്യക്തമാക്കി. 

ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണെന്നും അദ്ദേഹം ആരോപിച്ചു. നമുക്ക് സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാപനമുണ്ട്. അവരെ നമുക്ക് വിശ്വസിച്ച് ആശ്രയിക്കാം. എന്നുകരുതി അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തരുതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

modi govt, demonetisation, Indian Economy, Subramanian Swamy