ന്യൂഡല്‍ഹി:   പാക് പിന്തുണയുള്ള ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലുകളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വർധിച്ച സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു മിന്നലാക്രമണത്തിന് പദ്ധതിയിടുന്നതായി സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇത്തരമൊരു സൂചന നല്‍കിയത്.

അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിനും പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും ശക്തവും ഉചിതവുമായ നടപടിയുണ്ടാകുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യാടുഡെ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നൽകിയത്.

പാക് പ്രകോപനത്തിന് മറുപടി നൽകുമോ എന്ന ചോദ്യത്തിന് ചില നടപടികളുണ്ടാകുമെന്നും എന്നാല്‍ അത് നടപ്പിലാക്കിയതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സുരക്ഷാ ഏജന്‍സികള്‍ വേണ്ടത് ചെയ്തുകൊള്ളുമെന്നും അതിന്റെ ഫലം നിങ്ങള്‍ക്ക് തന്നെ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇതാണ് മറ്റൊരു മിന്നലാക്രമണത്തിന് ഇന്ത്യ തയ്യാറായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം.

കശ്മിരിലെ യുവാക്കള്‍ക്ക് മോദി സര്‍ക്കാരിന്റെ വികസന അജണ്ടക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹം. എന്നാല്‍ ചിലര്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇവര്‍ 350 പേരില്‍ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീര്‍ സംഘര്‍ഷങ്ങളുടെ അധ്യായം ഉടന്‍ തന്നെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് എന്തെങ്കിലും കൂടുതല്‍ അദ്ദേഹം പറഞ്ഞിട്ടില്ല. 

കശ്മിര്‍ പ്രശ്‌ന പരിഹാരത്തിന് ഹുറിയത്തിന് പങ്കില്ലെന്നും ഹുറിയത്തിന് മാത്രമല്ല കശ്മിരി പണ്ഡിറ്റുകള്‍, ലഡാക്കികള്‍, ബുദ്ധമതവിശ്വാസികള്‍, സിഖ് മതവിശ്വാസികള്‍, 65 ശതമാനം വരുന്ന യുവാക്കള്‍ ഇവര്‍ക്കെല്ലാം തുല്യ പ്രാധാന്യമുണ്ട്. ഇതില്‍ ഹുറിയത്തിന് മാത്രമെന്തെങ്കിലും പ്രാധാന്യമുണ്ടെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഘടനവാദത്തെക്കുറിച്ചു സംസാരിക്കുന്ന, ഭീകരര്‍ക്ക് പിന്തുണ കൊടുക്കുന്ന ഹുറിയത്ത് നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങും ഇത് പറഞ്ഞിരുന്നു.