ന്യൂഡല്‍ഹി: മണിപ്പുരില്‍ അസം റൈഫിള്‍സ് സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ സംഭവത്തിലൂടെ, രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

മോദി സര്‍ക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശേഷിയില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് മണിപ്പുരില്‍ സൈനിക സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. രാജ്യം നിങ്ങളുടെ ത്യാഗത്തെ സ്മരിക്കും, രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കി. 

മണിപ്പുരില്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികരുള്‍പ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലബ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ത്രിപാഠിയും ഭാര്യയും ആറുവയസ്സുകാരനായ മകനും സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തോടെ ചുരാചന്ദ്പുര്‍ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിലായിരുന്നു സംഭവം. പരിക്കേറ്റ സൈനികരെ ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്. 

content highlights: modi government once again proves that, it is incapable of protecting nation- rahul gandhi