ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രധാനമന്ത്രിയേയും ബിജെപി സര്‍ക്കാരിനേയും കടന്നാക്രമിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. സര്‍ക്കാരിന്റെ ഭരണപരാജയങ്ങളെ തുറന്നുകാട്ടിയും കശ്മീര്‍ വിഷയത്തിലെ തെറ്റായ ഇടപെടലുകളും തുറന്നുകാണിച്ചായിരുന്നു മന്‍മോഹന്‍ സിങിന്റെ പ്രസംഗം.

ജമ്മു കശ്മീരിലെ സ്ഥിതി ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ പിടിപ്പ് കേടാണ് ഇതിന്ന് കാരണം. നാം അവിടെ ഗൗരവമായി ഇടപെടേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കുകയും സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ സ്വതന്ത്രമായി മുന്നോട്ട് നയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാജ്യത്തിന്റെ വികസനത്തില്‍ നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നമുക്ക് അതിന് കഴിയുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

അയല്‍ രാജ്യങ്ങളുമായി സഹൃദപരമായ അന്തരീക്ഷമാണ് രാജ്യത്തിനാവശ്യം. ഇതിനായി കോണ്‍ഗ്രസ് ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ അയല്‍ രാജ്യങ്ങളുമായി നിലനില്‍ക്കുന്നുണ്ട്. സമാധാനപരമായിട്ട് ഇത് പരിഹരിക്കേണ്ടതുണ്ട്. ശത്രുതാപരമായ മനോഭാവം ഒരു സഹായവും ചെയ്യില്ല. പാകിസ്താന്‍ നമ്മുടെ അയല്‍ രാജ്യമാണെന്ന കാര്യം മറക്കരുത്. അതേ സമയം തന്നെ ഭീകരവാദത്തെ പിന്തുണക്കുന്നത് അംഗീകരിക്കാനുമാവില്ല. ഇത് ഉപഭൂഖണ്ഡത്തിന്റെ സമാധാനത്തെ ബാധിക്കുന്ന പ്രശ്‌നമായി പാകിസ്താന് മുന്നറിയിപ്പ് നല്‍കാന്‍ നമുക്ക് കഴിയണം. 

കശ്മീരില്‍ മോദി സര്‍ക്കാരിന്റെ പിടിപ്പ്‌കേട് വിഷയത്തില്‍ ഒരു പരിഹാരവും സാധ്യമാക്കില്ല. ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ് കശ്മിരിലെ അന്തരീക്ഷം. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ആഭ്യന്തര സംഘര്‍ഷവും മൂലം നമ്മുടെ അതിര്‍ത്തികള്‍ അരക്ഷിതാവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കശ്മീരിലെ പ്രത്യേക വിഷയങ്ങളെ തിരിച്ചറിയുകയും അതിനെ ഗൗരവമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയും വേണമെന്നും മുന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യം സാമ്പത്തികപരമായും മറ്റും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയാകെ തകിടം മറിച്ചിരിക്കുയാണ് ബിജെപി.  നല്‍കിയ വാഗ്ദ്ധാനങ്ങളൊന്നും ബിജെപി സര്‍ക്കാറിന് പാലിക്കാനായിട്ടില്ല. രണ്ടു കോടി ജോലികള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ക്ക് രണ്ടു ലക്ഷം തൊഴില്‍ പോലും സൃഷ്ടിക്കാനായിട്ടില്ല. ചെറുകിട വ്യവസായങ്ങള്‍ക്കും അനൗപചാരിക മേഖലകളും നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. വാഗ്ദ്ധാനങ്ങളെല്ലാം വാഗ്ദ്ധാനങ്ങള്‍ മാത്രമായി തുടരുന്നെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.