ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി ജീവിതം നരേന്ദ്ര മോദി സർക്കാർ ദുസ്സഹമാക്കിയെന്ന് നോബൽ സമ്മാന ജോതാവും സാമ്പത്തികവിദഗ്ധനുമായ അമർത്യ സെൻ ആരോപിച്ചു. 

'സ്റ്റാൻ സ്വാമി ഒരു മനുഷ്യസ്‌നേഹിയാണ്. മറ്റുള്ളവരെ സഹായിക്കാനായി അക്ഷീണം പ്രവർത്തിച്ചയാൾ. അദ്ദേഹത്തിനു സുരക്ഷ നൽകുന്നതിനു പകരം സർക്കാർ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയായിരുന്നു. നിയമപരമായ പഴുതുകൾ ഉപയോഗിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിലൂടെ അദ്ദേഹത്തെ കൂടുതൽ ക്ഷീണിപ്പിക്കുകയായിരുന്നു.' ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സെൻ വ്യക്തമാക്കി.

"ഒരു വ്യക്തിക്ക് സംരക്ഷണം നൽകുന്നതിൽ രാജ്യത്തെ നിയമസംവിധാനം എങ്ങനെ പരാജയപ്പെട്ടെന്നതിന് വിശദീകരണം കിട്ടിയേ തീരൂ." സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിൽ നിയമസംവിധാനത്തിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ പൊതുസംവാദങ്ങൾ അടിച്ചമർത്തപ്പെടുന്നതിന് എതിരെയും സെൻ ആഞ്ഞടിച്ചു. "സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് പൊതുസംവാദങ്ങൾ സാധ്യമായിരുന്നു. സമൂഹത്തിന്റെ സൂക്ഷ്മപരിശോധന നടന്നതിനാൽ ഏറ്റവും മോശപ്പെട്ട ഒരു സർക്കാരിനു പോലും അധികാരത്തിൽ തുടരാൻ പ്രയാസമായിരുന്നു." കോവിഡ് മഹാമാരി പാവപ്പെട്ടവർക്കും പണക്കാർക്കുമിടയിലുള്ള അസമത്വങ്ങൾ കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. 

പാർക്കിൻസൺ രോഗബാധിതനായിരുന്ന സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ ജൂലൈ അഞ്ചിനാണ് കോവിഡ് ബാധിച്ച് മുംബൈ ആശുപത്രിയിൽ അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും നിസാര കാരണങ്ങൾ പറഞ്ഞ് പല തവണ അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നവരിൽ ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്നു ഫാ. സ്റ്റാൻസ്വാമി.

Content Highlights: Modi government made Stan Swamy's custody life horrible, says Amartya Sen