ചെന്നെ: കൊവിഡ് 19-നെ നേരിടുന്നതിലും ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മാനുഷികദുരന്തമായ കുടിയേറ്റ തൊഴിലാളികളുടെ യാതനകള്‍ ലഘൂകരിക്കുന്നതിലും മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് സ്വരാജ് ഇന്ത്യയുടെ പ്രസിഡന്റും സാമൂഹിക വിമര്‍ശകനുമായ യോഗേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍നിന്നു മാതൃഭൂമി ഡോട്ട് കോമിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് കേന്ദ്ര സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനം ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ താങ്കള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നിരാലംബരും അശരണരുമായി തെരുവുകളിലെത്തിയത്. ഇവര്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് അടിയന്തരമായി പണം കൈമാറണമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ഈ തൊഴിലാളികള്‍ക്കായി കാര്യമായൊന്നും തന്നെയില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇങ്ങനെ പെരുമാറുന്നത്?
ഒരു മാനുഷിക ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും കാരുണ്യ രഹിതമായ ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. ഭരണം ചിലപ്പോള്‍ നല്ലതാവാം മോശമാവാം. പക്ഷേ, ഒരു മാനുഷിക ദുരന്തമുണ്ടാവുമ്പോള്‍ മോശം സര്‍ക്കാര്‍ പോലും ചില കാര്യങ്ങള്‍ ചെയ്യും. മോദി സര്‍ക്കാരിന്റെ പ്രശ്നം കഴിവില്ലായ്മ മാത്രമല്ല. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കാനുള്ള മനോഭാവം കൂടിയാണ് ഈ സര്‍ക്കാരിനെ അടയാളപ്പെടുത്തുന്നത്. സമൂഹത്തിന്റെ അടിത്തട്ടിലുളളവര്‍ക്ക് പണം കിട്ടേണ്ടത് അടിയന്തര പ്രാധാന്യമുള്ള സംഗതിയാണെന്ന് ചിന്താശേഷയുള്ള എല്ലാവരും പറഞ്ഞിട്ടും ഈ സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. ചെയ്യേണ്ടതെന്താണെന്ന് സര്‍ക്കാരിനറിയാത്തതല്ല കാരണം. They just dont care(അതിനവര്‍ കൂട്ടാക്കുന്നില്ല). അവരുടെ രാഷ്ട്രീയപരമായ കണക്കുകൂട്ടലില്‍ ഈ കുടിയേറ്റ തൊഴിലാളികള്‍ അദൃശ്യരാണ്. അവരെ സംബന്ധിച്ചിടത്തോളം ഈ തൊഴിലാളികള്‍ക്ക് അസ്തിത്വമേയില്ല.
മോദി വിചാരിക്കുന്നത് നോട്ടുനിരോധനം എന്ന ദുരന്തം മറികടന്നതുപോലെ ഇതും തരണം ചെയ്യാനാവുമെന്നാണ്. കുറച്ചു നേരത്തേക്ക് ചില്ലറ അസ്വസ്ഥതകളുണ്ടാവും. ജനങ്ങള്‍ ക്രോധാകുലരാവും. പക്ഷേ, പിന്നെ എല്ലാം പഴയ പോലെയാവും. ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കുറച്ചുകാലത്തേക്കേ ഓര്‍ക്കുകയുള്ളുവെന്നാണ് മോദി കരുതുന്നത്. മറ്റൊന്ന് ഈ സാധുക്കളെ കുറച്ചു കഴിഞ്ഞാല്‍ വീണ്ടും മതത്തിന്റെ പേരില്‍ ഇളക്കി മറിക്കാനാവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ദിവസം ചുഴലിക്കാറ്റില്‍ ബംഗാള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ നമ്മുടെ പല ടെലിവിഷന്‍ ചാനലുകളും ചര്‍ച്ച ചെയ്തത് രാമജന്മ ഭൂമിയെക്കുറിച്ചും രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചുമാണ്. മാദ്ധ്യമങ്ങളുടെ സഹായത്തോടെ എന്തും കൈകാര്യം ചെയ്യാമെന്ന ധിക്കാരമാണ് ഭരണാധികാരികളെ നയിക്കുന്നത്. മറ്റൊന്ന് അവര്‍ കരുതുന്നത് അവരുടെ കൈയ്യില്‍ പണമില്ലെന്നാണ്. അവര്‍ കരുതുന്നതെന്ന് ഞാന്‍ പറഞ്ഞത് മനഃപൂര്‍വ്വമാണ്. കാരണം ശരിക്കും അവരുടെ കൈയ്യില്‍ പണമുണ്ട്. റിസര്‍വ്വ് ബാങ്കില്‍ ആവശ്യത്തിനു പണമുണ്ട്. ഈ സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇന്ത്യന്‍ റിസര്‍വ്വ് ബാങ്കില്‍ മറ്റു രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളിലുള്ളതിനേക്കാള്‍ കരുതല്‍ ധനമുണ്ടെന്ന് .
പല രീതിയിലും സര്‍ക്കാരിന് പണം സ്വരൂപിക്കാം. പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ മൊത്തം ചെലവ് 20,000 കോടി രൂപയാണ്. ഇത് സര്‍ക്കാരിന് മാറ്റിവെയ്ക്കാവുന്നതേയുള്ളു. രാജാവിന് പുതിയ കൊട്ടാരം നിര്‍മ്മിക്കുന്ന പരിപാടിയാണിത്. രണ്ടായിരം കോടി രൂപയുണ്ടെങ്കില്‍ കുടിയേറ്റ തൊഴിലാളികളെ മൊത്തം സുരക്ഷിതമായി വീടുകളിലെത്തിക്കാം. ഞാന്‍ ഇതിന്റെ കണക്കുകള്‍ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. ഒരു തീവണ്ടി ഓടിക്കാന്‍ പത്ത് ലക്ഷം രൂപയാണ് റെയില്‍വെ ചെലവഴിക്കുന്നത്. പതിനായിരം തീവണ്ടികള്‍ ഓടിക്കാന്‍ ആയിരം കോടി രൂപ മതിയാവും. ഇതിനു പുറമെ ബസ്സുകളും മറ്റും ഉപയോഗിക്കാനായി ഒരായിരം കോടി രൂപ വേണ്ടി വരുമെന്നു കരുതുക. അപ്പോള്‍ രണ്ടായിരം കോടി രൂപയുണ്ടെങ്കില്‍ ഈ തൊഴിലാളികളെ സുന്ദരമായി അവരുടെ വീടുകളിലെത്തിക്കാനാവും. ഇന്ത്യയിലെ വന്‍കിടപണക്കാരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കി സര്‍ക്കാരിന് കൂടുതല്‍ പണം കണ്ടെത്താം. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സൂപ്പര്‍ റിച്ചിന്റെ കൈയ്യില്‍ 300 ലക്ഷം കോടി രൂപയ്ക്കും 400 ലക്ഷം കോടി രൂപയ്ക്കുമിടയില്‍ പണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പണത്തിനു മേല്‍ രണ്ടു ശതാമനം നികുതി ചുമത്തിയാല്‍ എട്ട് ലക്ഷം കോടി രൂപയോളം സര്‍ക്കാരിന് കിട്ടും. കേന്ദ്ര ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ശരിയായ പാക്കേജിന്റെ അഞ്ചിരട്ടിയെങ്കിലും വരുമിത്.
ഇന്ത്യന്‍ റവന്യു സര്‍വ്വീസിലെ അമ്പതോളം ഉദ്യോഗസ്ഥര്‍ ഇത്തരമൊരു നടപടിയുടെ രൂപരേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. പക്ഷേ, അവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്?
അതെ. വന്‍കിട പണക്കാര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുന്നതിനെക്കറുിച്ച് സംസാരിക്കുന്നതുപോലും പാപമായാണ് ഈ സര്‍ക്കാര്‍ കാണുന്നത്. വാസ്തവത്തില്‍ പല ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിലും വെല്‍ത്ത് ടാക്സുണ്ട്. പൈതൃക സ്വത്തിന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയും അടിയന്തര ഘട്ടങ്ങളില്‍ സര്‍ക്കാരിന് പണമുണ്ടാക്കാം. രണ്ടായിരം കോടി രൂപ മാത്രമാണ് കുടിയേറ്റ തൊഴിലാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ വേണ്ടത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ സംഗതിയാണ്. പട്ടിണിയും തൊഴിലില്ലായ്മയും മാറ്റണമെങ്കില്‍ കൂടുതല്‍ നികുതി ചുമത്തേണ്ടി വരും. പക്ഷേ, അതിന് സര്‍ക്കാര്‍ തയ്യാറല്ല. പണക്കാരെ പിണക്കാന്‍ ഈ സര്‍ക്കാരിന് മടിയാണ്.
കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടാവണം. ഒന്നോ രണ്ടോ ലോക്ക്ഡൗണ്‍ കൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കാമെന്നാണ് സര്‍ക്കാര്‍ കരുതിയത്. ഇപ്പോള്‍ കൂടുതല്‍ പേര്‍ രോഗബാധിതരാവുന്ന ഘട്ടത്തില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരികയാണ്. കൊവിഡ് 19-ന്റെ സാമ്പത്തിക പ്രത്യാഘാതം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഈ സര്‍ക്കാരിന് ഒരു പിടിയുമില്ല. ഈ നിര്‍ണ്ണായകഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ബഹുമാനിക്കുന്ന ഒരാള്‍ പോലുമില്ല. നേരത്തെ അരവിന്ദ് സുബ്രഹമണ്യനെങ്കിലുമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും പ്രഗത്ഭരായ സാമ്പത്തിക ശാസ്ത്രജ്ഞരില്‍ പലരും ഇന്ത്യാക്കാരാണെന്നോര്‍ക്കുമ്പോള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ ഈ വിഷയത്തില്‍ ഉപദേശിക്കുന്നവര്‍ ഒരു തമാശ മാത്രമാണ്.
ഈ പ്രതിസന്ധി മറികടക്കാനുള്ള പണം കണ്ടെത്താന്‍ സര്‍ക്കാരിനാവുമെന്നാണ് താങ്കള്‍ വ്യക്തമാക്കുന്നത്. പക്ഷേ, അവര്‍ അത് ചെയ്യുന്നില്ല. എന്താണിതിന്റെ കാരണം?
രാഷ്ട്രീയമായ ഇച്ഛാശക്തിയുടെ പ്രശ്നമാണിത്. എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിനറിയാം. പക്ഷേ, അതിനുള്ള ഇച്ഛാശക്തി ഈ സര്‍ക്കാരിനില്ല. വന്‍പണക്കാര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തണമോ എന്നത് രാഷ്ട്രീയ തീരുമാനമാണ്. പക്ഷേ, ബി.ജെ.പിക്ക് അതിനാവില്ല. അവരെ സാമ്പത്തികമായി സഹായിക്കുന്ന ശക്തികളെ പിണക്കാന്‍ അവര്‍ തുനിയില്ല. ഈ പണക്കാരാണ് ഇവര്‍ക്ക് ഇലക്ടറല്‍ ബോണ്ടുകളും മറ്റും വാങ്ങി കാശു കൊടുക്കുന്നത്.
ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര പദ്ധതി സംഘപരിവാറാണ് നിര്‍ണ്ണയിക്കുന്നത്?
സംഘപരിവാര്‍ മാത്രമല്ല. സംഘപരിവാറിനുള്ളില്‍ സ്വദേശി ജാഗരണ്‍ മഞ്ച് പോലുള്ള പ്രസ്ഥാനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ജനകീയമാവണമെന്ന നിലപാടുള്ളവരാണ്. അദാനിയോടും അംബാനിയോടുമൊക്കെ ബി.ജെ.പിക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിക്കുള്ള കടപ്പാടുകളാണ് ഇവിടെ കൂടുതല്‍ നിര്‍ണ്ണായകമാവുക.
ബി.ജെ.പിയുടെ രാഷ്ട്രീയ നേതൃത്വം എന്നു പറയുമ്പോള്‍ ആത്യന്തികമായി അത് പ്രധാനമന്ത്രി മോദിയില്‍ തന്നെയാണ് എത്തി നില്‍ക്കുക. അപ്പോള്‍ പ്രധാനമന്ത്രി മോദി ബഹുരാഷ്ട്ര കുത്തകകളുടെ സമ്മര്‍ദ്ധത്തിനടിപ്പെട്ടാണ് ഭരിക്കുന്നതെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?
അങ്ങിനെയല്ല. ഈയൊരു ഭാഷയല്ല വിമര്‍ശനത്തിന് ഞാന്‍ ഉപയോഗിക്കുക. ഉദാഹരണത്തിന് ഈ പ്രതിസന്ധി വിജയകരമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാരിനായാല്‍ അതിന്റെ ബഹുമതി പ്രധാനമന്ത്രിക്കവകാശപ്പെടാം. അപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്? പ്രധാനമന്ത്രി തന്നെ. വിമര്‍ശമുന്നയിക്കുമ്പോള്‍ നമ്മള്‍ കൃത്യമായും നീതി പുലര്‍ത്തേണ്ടതുണ്ട്. കൊറോണ വൈറസിന്റെ ഉത്തരവാദി പ്രധാനമന്ത്രിയല്ല. അദ്ദേഹമല്ല കൊറോണ കണ്ടുപിടിച്ചത്. അദ്ദേഹമല്ല കൊറോണ കൊണ്ടുവന്നത്. തുടക്കത്തില്‍ ഇന്ത്യയും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ വൈകി. ലോകത്തെ മിക്കവാറും രാജ്യങ്ങള്‍ ഇങ്ങനെ തന്നെയാണ് തുടക്കത്തില്‍ പ്രതികരിച്ചത്. വാസ്തവത്തില്‍ അമേരിക്കയേക്കാള്‍ വേഗത്തിലാണ് നമ്മള്‍ പ്രതികരിച്ചത്. ഇവിടെയൊന്നും ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. വാസ്തവത്തില്‍ വളരെ പെട്ടെന്ന് ഒരു തീരുമാനമെടുത്തതില്‍ പ്രധാനമന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.
പക്ഷേ, നാലു മണിക്കൂര്‍ മാത്രം മുന്നറിയിപ്പ് നല്‍കി നടപ്പാക്കിയ ലോക്ക്ഡൗണാണ് കുടിയേറ്റ തൊഴിലാളികളെ തീരാ യാതനയിലേക്ക് വലിച്ചെറിഞ്ഞതെന്ന വിമര്‍ശമുണ്ട്. ആദ്യ ലോക്ക്ഡൗണിനു മുമ്പ് ഒരു സംസ്ഥാന സര്‍ക്കാരുമായും കേന്ദ്രം കൂടിയാലോചന നടത്തിയില്ല?
ശരിയാണ്. ലോക്ക്ഡൗണിനു മുമ്പ് എടുക്കേണ്ടിയിരുന്ന തയ്യാറെടുപ്പുകളൊന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരുന്നില്ലെന്ന് ഇപ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്നുണ്ട്. ജനവരി 30-നാണ് കേരളം ആദ്യ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്നത് മാര്‍ച്ച് 24-നാണ്. ആറാഴ്ചയോളം സമയം കേന്ദ്ര സര്‍ക്കാരിന് കിട്ടിയിരുന്നു. ലോക്ക്ഡൗണ്‍ തീരുമാനം എടുത്തതിന് ഞാന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തില്ല. പക്ഷേ, കൃത്യമായ തയ്യാറെടുപ്പ് നടത്താത്തതിന് കുറ്റപ്പെടുത്തും. അതിനു ശേഷം ഒരു വീണ്ടുവിചാരവുമില്ലാതെ ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോയതിലും പ്രധാനമന്ത്രി പ്രതിസ്ഥാനത്താണ്. തുടക്കത്തില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനെ കുറ്റപ്പെടുത്താനാവില്ല. ലക്ഷക്കണക്കിന് പേര്‍ മരിക്കുമെന്ന മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ അങ്ങിനെ ചെയ്യേണ്ടി വരും.പക്ഷേ, അതിന്റെ ഫലമായി ദുരിതത്തിലേക്ക് വലിച്ചെറിയപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസത്തിനുള്ള നടപടികള്‍ എടുക്കാതിരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
ഇത്രയും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അബദ്ധങ്ങളും തെറ്റുകളും സംഭവിക്കാം. ഇതൊക്കെ മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷേ, ആ തെറ്റുകള്‍ മനസ്സിലാക്കി പരിഹാര നടപടികള്‍ എടുക്കാതിരിക്കുന്നതിനെ അംഗീകരിക്കാനാവില്ല. നിങ്ങളുടെ കണ്‍മുന്നില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന വേദനയ്ക്ക് പരിഹാരം കാണുന്നില്ലെന്നത് കുറ്റകരമായ അനാസ്ഥയാണ്. റേഷന്‍ കാര്‍ഡില്ലെന്ന പേരില്‍ ഭക്ഷ്യധാന്യം നല്‍കാത്തത്, പണം നല്‍കാത്തത് കുറ്റകരമായ നടപടിയാണ്. അതൊരു രാഷ്ട്രീയ നിലപാടാണ്, തീരുമാനമാണ്. അതിനെ എതിര്‍ക്കുക തന്നെ വേണം. മോദി സര്‍ക്കാരിന് സാദ്ധ്യമായ എല്ലാ ഇളവുകളും നല്‍കാന്‍ ഞാന്‍ തയ്യാറാണ്. വെറുതെ കണ്ണടച്ചുള്ള വിമര്‍ശനത്തിന് ഞാനില്ല. എന്നിട്ടും എനിക്കെത്തിച്ചേരാനാവുന്നത് പ്രധാനമായും മൂന്ന് നിഗമനങ്ങളാണ്. സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്നതിലെ കഴിവുകേട്, മാനുഷിക ദുരന്തം നേരിടുന്നതില്‍ കാണിച്ച മനുഷ്യത്വമില്ലായ്മ, കൊറോണ വൈറസിനെ നേരിടുന്നതിലുള്ള പിടിപ്പുകേട്.
കേരളം ഈ പ്രതിസന്ധി ഫലപ്രദമായി നേരിട്ടത് മുന്നിലുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാതിരുന്നതിനെ താങ്കള്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്നിപ്പോള്‍ കൊവിഡ് 19 കേസുകള്‍ വല്ലാതെ വര്‍ദ്ധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയാണോ?
അതാണ് ശരിക്കുള്ള ദുരന്തം. വൈറസ് വ്യാപനം വളരെ കുറവായിരുന്നപ്പോള്‍ നമ്മള്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പാക്കി. ഇപ്പോള്‍ വ്യാപനം പതിന്മടങ്ങ് വര്‍ദ്ധിക്കുമ്പോള്‍ നമ്മള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുകയാണ്. സര്‍ക്കാരിനു മുന്നില്‍ ഇപ്പോള്‍ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയാണ്. പക്ഷേ, ഇതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച മോശം തന്ത്രമാണ്. എത്ര മോശമായാണ് ഈ ലോക്ക്ഡൗണുകള്‍ നടപ്പാക്കിയത്? അതിന്റെ വിലയാണ് രാജ്യമിപ്പോള്‍ നല്‍കുന്നത്. കാര്യങ്ങള്‍ മൊത്തം താറുമാറായിരിക്കുന്നു. കേരളം വളരെ നല്ലൊരു മാതൃകയാണ് നല്‍കിയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറികടന്ന് അതുള്‍ക്കൊള്ളാന്‍ കേന്ദ്രത്തിനാവണമായിരുന്നു. അത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമായിരുന്നു. ഒരു യഥാര്‍ത്ഥ നേതാവ് കേരള മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് ക്ഷണിക്കുമായിരുന്നു. താങ്കള്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യൂ എന്ന് പറയുമായിരുന്നു. ഉദ്യോഗസ്ഥരോട് കേരള മാതൃക പിന്തുടരാന്‍ ആവശ്യപ്പെടുമായിരുന്നു. പക്ഷേ, താനൊരു ചെറിയ രാഷ്ട്രീയക്കാരനാണെന്നാണ് പ്രധാനമന്ത്രി തെളിയിച്ചത്.
കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ആര്‍.ബി.ഐ. മുന്‍ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പറഞ്ഞത് ഈ ഘട്ടത്തില്‍ സര്‍ക്കാരിനു പുറത്തുനിന്നും കഴിവുള്ളവരെ കൊണ്ടുവരണമെന്നാണ്?
ഈ സര്‍ക്കാരിന് രാഷ്ട്രീയ മികവുണ്ട്. പക്ഷേ, സാമ്പത്തിക കാര്യങ്ങളില്‍ മികവ് തീരെയില്ല. ഏതാണ്ട് വട്ടപ്പൂജ്യമാണ്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പെരുമാറുന്നത് ഇപ്പോള്‍ പുറത്തിറങ്ങിയ ഒരു കോളേജ് ബിരുദധാരിയെ േേപാലെയാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യല്‍ ഒരു തമാശയായിരിക്കുന്നു. ഈ ടീം മൊത്തം പുറത്തുപോവണം. വിദഗ്ദ്ധരെ കൊണ്ടുവരണം.
പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഒരു നല്ല ഉപദേശവും കേള്‍ക്കുന്നില്ല. എന്തു ഭാവിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്?
വല്ലാത്തൊരു തകര്‍ച്ചയാണ് നമ്മളെ കാത്തിരിക്കുന്നത്. ആരോഗ്യ മേഖലയിലും സാമ്പത്തികരംഗത്തും നമ്മള്‍ നിലംപരിശാവാന്‍ പോവുകയാണ്. വൈറസ് നമ്മുടെ നിയന്ത്രണത്തിലല്ല, സാമ്പത്തിക മേഖല തകരുകയാണ്. രാജ്യത്തിന്റെ അവസ്ഥ തീര്‍ച്ചയായും പേടിപ്പിക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിയും പേടിക്കുക തന്നെ വേണം.
ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ അഭാവവും കാര്യങ്ങള്‍ വഷളാക്കുന്നില്ലേ? ആശ്രയത്തിനും സാന്ത്വനത്തിനുമായി തിരിയാന്‍ ഒരിടവുമില്ല എന്നതാണ് ജനങ്ങള്‍ നേരിടുന്ന അവസ്ഥ?
താങ്കള്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ എന്താണ് പ്രതിപക്ഷം ചെയ്തത്? മോദി സര്‍ക്കാരിനെ എതിര്‍ക്കാന്‍ പോലും അവര്‍ക്കാവുന്നില്ല. അവരുടെ കൈയ്യില്‍ ഒരു ബദല്‍ പദ്ധതിയുമില്ല. ഇടയ്ക്ക് കോണ്‍ഗ്രസ് ചില കാര്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. കോണ്‍ഗ്രസ് ഒരു സമ്പൂര്‍ണ്ണ പാക്കേജ് കൊണ്ടുവരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഒരു ബദല്‍ നയ സമീപന രേഖ. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്ത് ഞങ്ങള്‍ ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഏഴിന പരിപാടികളാണ് ഞങ്ങള്‍ അതില്‍ മുന്നോട്ടുവെയ്ക്കുന്നത്.
Content Highlights: Modi Government is a total failure in fighting against Covid 19, says Yogendra Yadav