ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ എല്ലാ അതിരുകളും ലംഘിച്ചെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ട് നടത്തിയ  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കര്‍ഷകരെ പിന്തുണയ്ക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണ് മോദി സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കാനാണ്  നാം ഒന്നിച്ചുചേര്‍ന്നിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങളെ നാം അവഗണിക്കണം. പഴയ പ്രശ്‌നങ്ങള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും മന്‍മോഹന്‍ ഓര്‍മിപ്പിച്ചു. 

കഴിഞ്ഞ ദിവസവും മുന്‍ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിയതിലെ പരാജയങ്ങളും തൊഴിലില്ലായ്മയും ഉയര്‍ത്തിയായിരുന്നു സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ വിമര്‍ശനം.

21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭാരത് ബന്ദില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. മാനസ സരോവര്‍ തീര്‍ത്ഥാടന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുപരിപാടി ആയിരുന്നു ഇത്.

content highlights: Modi Government Has Crossed All Limits, Says Manmohan Singh