കൊല്‍ക്കത്ത: കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയില്‍ പശ്ചിമ ബംഗാള്‍ ബിജെപിയില്‍ പൊട്ടലും ചീറ്റലും. മന്ത്രിസ്ഥാനം ഇല്ലെന്നറിഞ്ഞതിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് എംപി സൗമിത്ര ഖാന്‍ രാജിവെച്ചു. മന്ത്രിസഭയില്‍ നിന്ന് പുറത്തായ ബാബുള്‍ സുപ്രിയോ അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്നാണ് സൗമിത്ര ഖാന്‍ ആരോപിക്കുന്നത്. സുവേന്ദു അധികാരി തന്നെ കുറുച്ച് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയായിരുന്നു ആരോപണം.

'ബംഗാളില്‍ എല്ലാവരും ഒരുമിച്ചാണ് പോരാടിയത്. പക്ഷേ ഒരു നേതാവിന്റെ ശ്രദ്ധ സ്വന്തം കാര്യത്തില്‍ മാത്രമാണ്‌. നരേന്ദ്ര മോദിയുടേയും ശ്യാമ പ്രസാദ് മുഖര്‍ജിയുടേയും ആശയങ്ങള്‍ കണ്ടാണ്‌ ഞാന്‍ ബിജെപിയില്‍ പ്രവേശിച്ചത്. ഞാന്‍ ഒരു അത്യാഗ്രഹത്തോടെയും വന്നതല്ല. എനിക്ക് ഇപ്പോഴും അത്യാഗ്രഹമില്ല. എന്നാല്‍ അദ്ദേഹം (സുവേന്ദു അധികാരി) പതിവായി ഡല്‍ഹിയിലേക്ക് പോകുകയും നേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് തുടരുന്നത്, താന്‍ ബിജെപിയുടെ ഏറ്റവും വലിയ നേതാവാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നത്' സൗമിത്ര ഖാന്‍ വ്യക്തമാക്കി. ബംഗാളിലെ ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഇയാള്‍.

പുനഃസംഘടനയ്ക്കായി മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ ബാബുള്‍ സുപ്രിയോ തന്റെ അതൃപ്തി പ്രകടമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു അഴിമതി ആരോപണവുമില്ലാതെ സ്ഥാനം രാജിവെക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളില്‍ നിന്ന് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തിയ നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. തീര്‍ച്ചയായും തനിക്ക് വ്യക്തപരമായി സങ്കടമുണ്ടെന്നും ബാബുള്‍ സുപ്രിയോ കൂട്ടിച്ചേര്‍ത്തു.

'അതെ പുകയുണ്ടെങ്കില്‍ എവിടെയോ തീയുമുണ്ടായിരിക്കണം. എന്നെ ശ്രദ്ധിക്കുന്ന എന്റെ മാധ്യമ സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ എടുക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ ഇത് പറയട്ടെ, ഞാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു' ബാബുള്‍ സുപ്രിയോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഴിച്ചുപണിയില്‍ പശ്ചിം ബംഗാളില്‍ നിന്ന് നാല് പേരാണ് മോദി മന്ത്രിസഭയുടെ ഭാഗമായത്‌. ജോണ്‍ ബര്‍ല, കൂച്ച് ബിഹാറില്‍ നിന്നുള്ള നിസിത് പ്രമാണിക്, ബോങ്കോണില്‍ നിന്നുള്ള ശാന്തനു താക്കൂര്‍, ബാങ്കുര എംപി ഡോ.സുഭാസ് സര്‍ക്കാര്‍ എന്നിവരാണ് കേന്ദ്ര മന്ത്രിസഭയിലെത്തിയത്.