വാരണാസി:  പ്രധാമന്ത്രി നേരന്ദ്രമോദിയുടെ 68-ാം പിറന്നാള്‍ ഇന്ന്. തന്റെ മണ്ഡലമായ വാരണാസിയില്‍ 300 കുട്ടികള്‍ക്കൊപ്പമാകും മോദി പിറന്നാള്‍ദിനം പങ്കിടുക.സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ നിന്നുള്ളവരാകും ഇതില്‍ 200 കുട്ടികള്‍. ബാക്കിയുള്ളവര്‍ ചേരികളില്‍നിന്നുള്ളവരുമാകുമെന്നാണ് വിവരം. 

രണ്ടുദിവസത്തെ സന്ദര്‍ശനമാണ് മോദിക്ക് വാരണാസിയിലുള്ളത്. ബനാറസ് ഹിന്ദു സര്‍വകലാശാല ആംഫി തിയറ്റര്‍ ഗ്രൗണ്ടില്‍ ബിജെപി റാലിയും സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയില്‍ വെച്ച് വാരണാസിയുടെ സമഗ്രവികസനത്തിനുള്ള 650 കോടിയുടെ പദ്ധതിയും മോദി പ്രഖ്യാപിക്കുമെന്നാണ് വിവരം. 

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് മോദി വാരണാസിയിലെത്തുക. തുടര്‍ന്ന് നരൗറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മോദി സന്ദര്‍ശനം നടത്തും. വാരണാസിയിലെ 538 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നടപ്പിലാക്കിയ റൂം ടു റീഡ് ലൈബ്രറി പദ്ധതി മോദി വിലയിരുത്തും. തുടര്‍ന്ന് 200 കുട്ടികളുമായി മോദി സംവദിക്കും. 

ഒരുദിവസം നരൗറില്‍ തങ്ങുന്ന മോദി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അതിഥി മന്ദിരത്തിലാകും രാത്രി കഴിച്ചുകൂട്ടുക. ഇവിടെവെച്ച് ചേരിപ്രദേശങ്ങളില്‍ നിന്നുള്ള 70 കുട്ടികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കും. മോദിയുടെ പ്രായത്തെ സൂചിപ്പിക്കുന്ന 68 കിലോ ഭാരമുള്ള കേക്കാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. 90 സ്ഥലങ്ങളില്‍ ഈ ദിനത്തില്‍ മണ്‍ചിരാതുകള്‍ തെളിയിച്ച് പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കുചേരും. ചേരിപ്രദേശങ്ങള്‍ ഉള്‍പ്പെടെ 68 ഇടങ്ങളില്‍ പിറന്നാള്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ ശുചീകരണം നടത്തും. 

മോദിയുടെ കുട്ടിക്കാല ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചലോ ജീത്തേ ഹെ എന്ന സിനിമയുടെ പ്രദര്‍ശനവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വാരണാസിയിലെത്തുന്ന മോദിയുടെ സുരക്ഷക്കായി 12,000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.