മുംബൈ: 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി കര്‍ഷക നേതാവ്. മഹാരാഷ്ട്ര സര്‍ക്കാര്‍ സമിതിയായ വസന്ത്‌റാവു നായിക് ഷെതി സ്വാവലംബന്‍ മിഷന്‍ (വി.എന്‍.എസ്.എസ്.എം) ചെയര്‍മാന്‍ കിഷോര്‍ തിവാരിയാണ് ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസിനെ സമീപിച്ചത്. താനെ മെട്രോ റെയില്‍ പദ്ധതിയുടെ തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് കിഷോര്‍ തിവാരി ഈ ആവശ്യമുന്നയിച്ച് ആര്‍.എസ്.എസിന് കത്തയച്ചതെന്ന പ്രത്യേകതയുമുണ്ട്.

ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി സുരേഷ് ജോഷി എന്നിവരെ അഭിസംബോധന ചെയ്താണ് കത്തെഴുതിയിട്ടുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തുപോയത് ധിക്കാരിയായ നേതാവ് മൂലമാണെന്ന് കിഷോര്‍ തിവാരി കത്തില്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി, ഇന്ധനവില വര്‍ധന തുടങ്ങിയ ജനവിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണ് പരാജയത്തിന് കാരണമെന്നും കത്തില്‍ പറയുന്നു. 

പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള തീവ്ര മനോഭാവമുള്ളവകും ഏകാധിപതികളുമായ നേതാക്കള്‍ രാജ്യത്തിനും സമൂഹത്തിനും അപകടകരമാണ്. ഈ അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്. ചരിത്രം അതേപോലെ വീണ്ടും ആവര്‍ത്തിക്കപ്പെടില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നും കിഷോര്‍ തിവാരി പറയുന്നു.

മധ്യപ്രദേശ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരുകളുടെ മികച്ച പ്രവര്‍ത്തനങ്ങളെ മോദിയും അമിത് ഷായും ചേര്‍ന്ന് അട്ടിമറിച്ചെന്നും കത്തില്‍ ആരോപിക്കുന്നു. ആഡംബരം കാണിക്കുന്ന ബുള്ളറ്റ് ട്രെയിന്‍, മെട്രോ റെയില്‍ പദ്ധതികളില്‍ മാത്രമാണ് അവര്‍ക്ക് താത്പര്യമെന്നും തിവാരി കുറ്റപ്പെടുത്തുന്നു. 

മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യ മനോഭാവം രാജ്യത്ത് ഭയം വിതയ്ക്കുന്നുവെന്നും കിഷോര്‍ തിവാരി കത്തില്‍ പറയുന്നു. ഇവര്‍ക്ക് പകരം മറ്റുള്ളവര്‍ക്ക് സ്വീകാര്യനായ നിതിന്‍ ഗഡ്കരിയെപ്പോലെയുള്ള നേതാക്കളെ കൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Content Highlights: Modi and Shah has Dictator Approach, Hand Over Reins To Gadkari For 2019": Maharashtra Farmer Leader letter to RSS