അഹമ്മദാബാദ്‌: മോദിയെയും അമിത്ഷായെയും പോലെ തനിക്ക് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെന്നും പക്ഷെ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാറും തന്നെയാണ് ഭയക്കുന്നതെന്നും ഹാര്‍ദിക് പട്ടേല്‍. അഹമ്മദാബാദ് മിററിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍  എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണത്തിന് എതിരാണെന്ന പ്രാചരണം നുണയാണെന്ന ഹാര്‍ദിക് പട്ടേല്‍ അഭിപ്രായപ്പെട്ടു. 'താന്‍ സംവരണത്തില്‍ വിശ്വസിക്കുന്നു, ഇന്ത്യയുടെ വികസനത്തിന് സംവരണം അത്യന്താപേക്ഷിതമാണെന്ന് താന്‍ കരുതുന്നുവെന്നും' അദ്ദേഹം പറയുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബി ജെ പിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ഹാര്‍ദിക് പട്ടേല്‍.'രാജ്യദ്രോഹം ആരോപിച്ച് ഇതിനോടകം തന്നെ അവര്‍ എന്നെ 9 മാസം ജയിലിലിട്ടു. ഇത് എന്നെ കൂടുതല്‍ കരുത്തനാക്കി. എനിക്ക് ജനസമ്മതിയുണ്ട്. യുവത എനിക്കൊപ്പമാണ് ഇനിയവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും' , ബി ജെ പിയെ മുന്നില്‍ കണ്ട് പട്ടല്‍േ ചോദിക്കുന്നു.

ബിജെപി സ്ത്രീവിരുദ്ധമാണെന്നും നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച ബി ജെ പി അധികാരത്തിലേറിയശേഷം ഗുജറാത്തില്‍ നിര്‍ഭയയ്ക്ക് സമാനമായ ഒട്ടനവധി സംഭവങ്ങള്‍ അരങ്ങേറിയെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകര്‍ക്കും ജവാന്‍മാര്‍ക്കും എതിരാണ് ബി ജെ പിയെന്ന് ആരോപിച്ച അദ്ദേഹം ഗുജറാത്തില്‍ നിന്ന് ബിജെപിയെ തുടച്ചു നീക്കുമെന്നും ആത്മവിശാസത്തോടെ  പറഞ്ഞു

പട്ടേലുകാര്‍ പ്രബല വിഭാഗമാണെന്നത് തെറ്റായ ധാരണയാണെന്നും. പട്ടേലുകാരുടെ ദയനീയ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഗരിയാധാറിലേക്കോ അംറേലിയിലേക്കോ ചെല്ലണമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. 'അഞ്ച് പട്ടേലുകാര്‍ സമ്പന്നരാണെന്ന് കരുതി സംസ്ഥാനത്തെ എല്ലാ പട്ടേലുകാരും അങ്ങനെയാകണമെന്നില്ല' 23കാരനായ പട്ടേല്‍ തുറന്നു പറയുന്നു.
ആരുടെയും ഔദാര്യം താന്‍ ചോദിക്കുന്നില്ലെന്നും  സര്‍ക്കാര്‍ തൊഴിലില്‍ തുല്യ അവസരവും പ്രവേശനവും പട്ടേലുകര്‍ക്ക് കൊടുക്കണമെന്നത് മാത്രമാണ് തന്റെ ആവശ്യമെന്നും ഹാര്‍ദിക് പട്ടേല്‍ ആവര്‍ത്തിച്ചു.

ബജറ്റ്, ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്തെ 3 ശതമാനം മാത്രം സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയില്‍ ജെയ്റ്റ്‌ലി ബജറ്റവതരിപ്പിക്കില്ലായിരുന്നെന്നും ഹാര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തുന്നു. മോദിക്ക് നേരെ കടുത്ത വിമര്‍ശനമുന്നയിച്ച പട്ടേല്‍ ബി ജെ പി ക്കു നേരെയും കടുത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞു.

വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് പാട്ടിദാര്‍ ആന്ദോളന്‍ സമിതി പ്രക്ഷോഭം നടത്തിയിരുന്നു. സമിതിയുടെ കണ്‍വീനറായിരുന്നു ഹാര്‍ദിക് പട്ടേല്‍.