ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണെന്ന് ആരോപിച്ച അദ്ദേഹം ആളുകള്‍ തങ്ങളുടെ മാതാപിതാക്കളെ കൂടെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച്  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

'ഇത് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഒരുപാട് ആധുനിക സ്ത്രീകള്‍ അവിവാഹിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താത്പര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് താത്പര്യം. അവരുടെ ചിന്തയില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല.' -  മന്ത്രി അഭിപ്രായപ്പെട്ടു.

ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചുകൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Modern Indian women want to stay single & unwilling to give birth Says Karnataka minister