പ്രതീകാത്മകചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം ചെയ്യുന്ന മോഡലിന്റെ മുടി മോശമായി വെട്ടിയ പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിന് രണ്ടുകോടി രൂപ പിഴ ചുമത്തിയത് സുപ്രീംകോടതി റദ്ദാക്കി. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ചുമത്തിയ നഷ്ടപരിഹാരത്തുക കൂടുതലാണെന്നും അത് പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ഡല്‍ഹിയിലെ ഐ.ടി.സി. മൗര്യ ഹോട്ടലില്‍നിന്ന് 2018 ഏപ്രില്‍ 12-ന് മുടിവെട്ടിയതുമായി ബന്ധപ്പെട്ട് മോഡല്‍ ആഷ്ന റോയ് നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ പിഴ ചുമത്തിയത്. തന്റെ സ്ഥിരം ഹെയര്‍സ്‌റ്റൈലിസ്റ്റ് ഇല്ലാതിരുന്നിട്ടും ഹോട്ടല്‍ മാനേജരുടെ ഉറപ്പിന്‍മേല്‍ മറ്റൊരാളുടെ സേവനം തേടുകയായിരുന്നു. എന്നാല്‍, താന്‍ പറഞ്ഞവിധത്തിലല്ല മുടി വെട്ടിയതെന്ന് ആഷ്‌ന കുറ്റപ്പെടുത്തുന്നു.
മുകളില്‍നിന്ന് നാലിഞ്ചുമാത്രം ബാക്കിവെച്ച് ബാക്കിയുള്ള മുടിയെല്ലാം വെട്ടിമാറ്റി. അധികമായി അമോണിയ ഉപയോഗിച്ചതിനാല്‍ തലയിലെ ചര്‍മത്തിന് കേടുപറ്റിയെന്നും ഇക്കാരണത്താല്‍ മാനസിക സമ്മര്‍ദത്തിനടിപ്പെട്ടെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്നാണ് ഇവരുടെ പരാതിയില്‍ കമ്മിഷന്‍ രണ്ടുകോടി രൂപ പിഴ വിധിച്ചത്. വി.എല്‍.സി.സി., പാന്റീന്‍ കമ്പനികളുടെ മോഡലായിരുന്ന തനിക്ക് മുടി അത്രമാത്രം പ്രധാനപ്പെട്ടതാണെന്ന യുവതിയുടെ വാദമാണ് കമ്മിഷന്‍ അംഗീകരിച്ചത്. എന്നാല്‍, കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ഐ.ടി.സി. സുപ്രീംകോടതിയെ സമീപിച്ചു.
ഇത്രയധികം തുക നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന നിലപാടാണ് സുപ്രീംകോടതിയുടേത്. എന്തടിസ്ഥാനത്തിലാണ് ഇത്രയധികം പിഴ വിധിച്ചതെന്ന് കോടതി ചോദിച്ചു. തുടര്‍ന്നാണ് കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി പിഴത്തുക അവരോടുതന്നെ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. കോടതി നിര്‍ദേശപ്രകാരം ഐ.ടി.സി. നേരത്തേ സുപ്രീംകോടതിയില്‍ കെട്ടിവെച്ച 25 ലക്ഷം രൂപയും കമ്മിഷന് കൈമാറി.
Content Highlights: Model haircut two crores fine supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..