ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി സെക്ടറില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. വന്‍ ആയുധധാരികളായ ഭീകരസംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ഭീകരസംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. 

പ്രദേശത്ത് കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ഉറിയിലെ വലിയൊരു പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരെ  കണ്ടെത്താനുള്ള സൈന്യത്തിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ 30 മണിക്കൂറായി പ്രദേശത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ ഈ സംഘത്തെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ രാജ്യത്ത് പ്രവേശിച്ചോ അതോ മടങ്ങിപ്പോയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 

ഈ വര്‍ഷം മാത്രം ഇത് രണ്ടാം തവണയാണ് ഭീകരവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

content highlights: Mobiles, Internet Blocked In J&K's Uri After Infiltration Bid