ലഖ്‌നൗ: ബലാത്സംഗങ്ങൾ വർധിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക് പ്രധാന പങ്കുണ്ടെന്നും അതിനാൽ പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്നും ഉത്തര്‍പ്രദേശ് വനിതാകമ്മിഷന്‍ അംഗം മീനാകുമാരി. അലിഗഡ് ജില്ലയില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിനിടയിലായിരുന്നു മീന കുമാരിയുടെ പരാമര്‍ശം. 

പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കാന്‍ പാടില്ല. അവര്‍ ഫോണിലൂടെ ആണ്‍കുട്ടികളുമായി മണിക്കൂറുകളോളം സംസാരിക്കുകയും പിന്നീട് അവര്‍ക്കൊപ്പം ഓടിപ്പോവുകയും ചെയ്യും. പെണ്‍കുട്ടികളുടെ ഫോണുകള്‍ പരിശോധിക്കുന്നില്ല. കുടുംബാംഗങ്ങള്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവരാണ്.'- മീനാ കുമാരി പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് പ്രത്യേകിച്ച് അമ്മമാര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ഉളളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.' അമ്മമാര്‍ക്ക് വലിയ ഉത്തരവാദിത്തമാണ് ഉളളത്. ഇന്ന് അവരുടെ മക്കള്‍ ശ്രദ്ധയില്ലാത്തവരാണെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ അമ്മമാരാണ്.' 

എന്നാല്‍ കമ്മിഷന്റെ വൈസ് ചെയര്‍പേഴ്‌സണായ അഞ്ജു ചൗധരി മീനകുമാരിയുടെ അഭിപ്രായങ്ങളോട് യോജിച്ചില്ല. ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള പരിഹാരം മൊബൈല്‍ ഫോണ്‍ എടുത്തുമാറ്റുന്നതല്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

ജനുവരിയില്‍ ദേശീയ വനിതാകമ്മിഷന്‍ അംഗം ചന്ദ്രമുഖി ദേവി നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദമായിരുന്നു.ബദുവാനിലുണ്ടായ കൂട്ടബലാത്സംഗക്കേസിനെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി വൈകുന്നേരം വീടിന് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ കുറ്റകൃത്യം ഒഴിവാക്കാമായിരുന്നുവെന്നാണ് അന്ന് ചന്ദ്രമുഖി അഭിപ്രായപ്പെട്ടത്. അത് പിന്നീട് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

Content Highlights: mobile leads to rape, don't give mobile to girls says UP women's commission member