ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച വലിയ തോതില്‍ പ്രതിഷേധം അരങ്ങേറിയ ഉത്തര്‍പ്രദേശില്‍ 3500 പേരെ കരുതല്‍ തടങ്കലിലാക്കി. ഇതില്‍ 200ല്‍ അധികം പേരും ലഖ്‌നൗ നഗരത്തില്‍ ഉള്ളവരാണ്.

ഉത്തര്‍പ്രദേശിലെ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ടെക്സ്റ്റ് മെസേജ് സേവനവും താല്കാലികമായി നിര്‍ത്തി വെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അശ്വിനീഷ് കുമാര്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 

ലഖ്‌നൗവിന് പുറമേ സഹറന്‍പുര്‍, മീററ്റ്, ഷംലി, മുസാഫര്‍നഗര്‍, ഗാസിയാബാദ്, ബറെയ്‌ലി, മൗ, സംഭാല്‍, അസംഗഡ്, ആഗ്ര, കാണ്‍പുര്‍, ഉന്നാവ്, മൊറാദാബാദ് തുടങ്ങിയ 14 ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം. 

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഉത്തര്‍ പ്രദേശില്‍ ഒരാള്‍ കൊല്ലപ്പെടുകയും 16 പോലീസുകാര്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഹമ്മദ് വകില്‍ എന്ന 25 കാരനാണ് കൊലപ്പെട്ടത്. ലഖ്‌നൗവില്‍ ഹുസൈനാബാദ് പ്രദേശത്ത് ഉണ്ടായ വെടിവെപ്പില്‍ പരിക്കേറ്റാണ് മുഹമ്മദ് മരിച്ചത്. 

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 350 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖ്‌നൗവില്‍ മാത്രം സംഭവവുമായി ബന്ധപ്പെട്ട് 19 എഫ്.ഐ.ആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Mobile internet suspended in 14 UP districts, more than 3,500 detained after violent CAA protests