ജയ്പുര്‍: അധ്യാപക യോഗ്യതാ പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ കള്ളത്തരം കാണിക്കുന്നത് തടയാന്‍ 12 മണിക്കൂറത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ്. സേവനങ്ങള്‍ റദ്ദാക്കാന്‍ രാജസ്ഥാന്‍. പതിനാറു ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ്. സേവനങ്ങളാണ് ഇന്ന് 12 മണിക്കൂര്‍ നേരം റദ്ദാക്കുക. 

രാജസ്ഥാന്‍ എലിജിബിലിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ് (REET) പരീക്ഷയ്ക്ക് ഏകദേശം 16 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 31,000 ഒഴിവുകളിലേക്കാണ് പരീക്ഷ നടക്കുന്നത്. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരാകണമെങ്കില്‍ ഈ പരീക്ഷ പാസ് ആയിരിക്കണം. അതിനാല്‍ത്തന്നെ കടുത്ത മത്സരമാണ് നടക്കുന്നത്. ജയ്പുര്‍, ഉദയ്പുര്‍, ഭില്‍വാര, ആള്‍വാര്‍, ബിക്കനീര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ്, എസ്.എം.എസ്. സേവനങ്ങള്‍ റദ്ദാക്കുക. 

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ കര്‍ശന സുരക്ഷാ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രി സംസ്ഥാനത്തെ 33 ജില്ലകളിലെയും ബസ് സ്റ്റാന്‍ഡുകളില്‍ ഉദ്യോഗാര്‍ഥികളുടെ വലിയകൂട്ടം ദൃശ്യമായിരുന്നു. സര്‍ക്കാര്‍ ബസുകളിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ 26 സ്‌പെഷ്യല്‍ സര്‍വീസുകളും ഇവര്‍ക്കായി സജ്ജമാക്കി.

content highlights: mobile internet snapped in 16 districts of rajastan to prevent cheating in reet exam