ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിന് തിരിച്ചറിയല്‍ രേഖയായി ഇനി മൊബൈല്‍ ആധാറും ഉപയോഗിക്കാം. കൂടാതെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്നും വ്യോമയാന സുരക്ഷ മന്ത്രാലയം(ബിസിഎഎസ്) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ 10 തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചു പ്രവേശിക്കാന്‍ സാധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇക്കൂട്ടത്തിലാണ് എം-ആധാറും ഇടം നേടിയത്. പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി, ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് മറ്റുള്ളവ. 

സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം ഒഴിവാക്കുന്നതിനായി വിമാനയാത്രക്കെത്തുന്നവര്‍ തീര്‍ച്ചയായും മുകളില്‍ പറഞ്ഞ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍ കൈവശം കരുതണമെന്നും ബിസിഎഎസ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്. 

ദേശസാത്കൃത ബാങ്കുകളുടെ പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, അംഗവൈകല്യമുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള ഐഡി, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഐഡി തുടങ്ങിയവയും വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവിടെ നിന്നും അനുവദിച്ച കാര്‍ഡും വിമാനത്താവളത്തില്‍ ഉപയോഗിക്കാം. 

മുകളില്‍ പറഞ്ഞ രേഖകള്‍ ഒന്നും സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാഷ്യപ്പെടുത്തിയ രേഖയും പരിഗണിക്കും. എന്നാല്‍, വിദേശ യാത്രകള്‍ക്ക് പാസ്‌പോര്‍ട്ടും വിസയും ഉപയോഗിക്കുന്ന സംവിധാനം തുടരും.