അഹമ്മദാബാദ്:  ഗുജറാത്തില്‍ കൊള്ളക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാക്കള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മര്‍ദ്ദനമേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. 

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന 22 കാരനാണ് മരിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഭാരു മാതുര്‍ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. 

മോഷണം, കൊള്ളയടി, വര്‍ഗീയ ലഹള ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ട്‌പേരും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതരായത്. മര്‍ദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയവരും ആദിവാസികളാണ്. 

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കൊല്ലപ്പെട്ട അജ്മല്‍ വഹോനിയ, പരിക്കേറ്റ ഭാരു മാതുര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് പറയുന്നു. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

Content Highlights: Mob Lynches, One Dead, Gujarat's Dahod