മുംബൈ: വാട്‌സ്ആപ്പ് വഴി തെറ്റായ വിവരങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ചു പേരെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിനു പിന്നാലെയാണ് നടപടി.

വാട്‌സ്ആപ്പ് വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് വാട്‌സ്ആപ്പിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതായി ഐടി മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തിരമായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചതായും മന്ത്രാലയ വക്താവ് പറഞ്ഞു. അനധികൃതമായി സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായകമാകുന്ന മെസ്സേജിങ് ആപ്പുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

ഗോവധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ജനക്കൂട്ടം ആക്രമണങ്ങള്‍ അഴിച്ചുവിടുകയും കൊലപാതകങ്ങളുണ്ടാവുകയും ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെ വ്യാപകമായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം തന്നെ നിരവധി ആക്രമണ സംഭവങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളിലുണ്ടായത്. 

കഴിഞ്ഞ രണ്ടുമാസത്തിനിടെ മാത്രം 14 പേരാണ് ഇത്തരം വ്യാജപ്രചരണത്തിന്റെ ഇരയായി ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. പശ്ചിമ ബംഗാള്‍, അസ്സം, ത്രിപുര, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ വിഷയത്തില്‍ ആള്‍ക്കൂട്ട ആക്രണങ്ങള്‍ നടന്നിട്ടുള്ളത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്നും ആരും വിശ്വസിക്കരുതെന്നും പോലീസ് അധികാരികള്‍ പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ഇതൊന്നും വേണ്ടത്ര ഫലം കണ്ടിരുന്നില്ല.