ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി.ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 

രാജിവെച്ച എംഎല്‍എമാര്‍ കരുത്തരായ സ്ഥാനാര്‍ഥികളാണ്. അവര്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏറെ ത്യാഗം സഹിച്ചവരാണെന്നും വി.ഡി.ശര്‍മ പറഞ്ഞു. 

'മധ്യപ്രദേശിനെ അഴിമതിയില്‍ നിന്നും മോശം ഭരണത്തില്‍ നിന്നും രക്ഷിക്കാന്‍ മന്ത്രിസ്ഥാനവും എംഎല്‍എ പദവിയും ഉപേക്ഷിച്ചവരാണവര്‍. സംസ്ഥാനത്തിനായി തങ്ങളേയും തങ്ങളുടെ പദവികളേയും ത്യജിച്ചവരാണ് അവരെന്ന് പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ട്‌ തന്നെ അവരെല്ലാവരും സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണനയിലാണ്' ബിജെപി സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതാണ്‌ 24 കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇവര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. 24 മണ്ഡലങ്ങളിലും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന് ബിജെപി ഇതിനോടകം തന്നെ ഒരുങ്ങികഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക്‌ കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കുമെന്നും വി.ഡി.ശര്‍മ പറഞ്ഞു.

ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പിലെ വിജയം. ലോക്ക്ഡൗണിനിടയിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണവര്‍. എല്ലാ മണ്ഡലങ്ങളിലും ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേരുന്നുണ്ടെന്ന് ശര്‍മ പറഞ്ഞു. 

ബൂത്തുതല യോഗങ്ങളും ചേര്‍ന്നു. സാമൂഹിക അകലം പാലിച്ച് ഉടന്‍ തന്നെ വീടുകള്‍ കയറിയുള്ള പ്രചാരണം ആരംഭിക്കും. സെപ്റ്റംബറില്‍ ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Content Highlights: MLAs who 'sacrificed' to remove Congress govt will be contenders for tickets in by-polls-BJP