ചെന്നൈ: കര്‍ണാടകയിലെ കൂര്‍ഗിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരെ തമിഴ്‌നാട് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായി എഐഎഡിഎംകെ നേതാവ് ടി.ടി.വി. ദിനകരന്‍ ആരോപിച്ചു. 

ഇപിഎസ് വിഭാഗത്തെ പിന്തുണയ്ക്കുന്നതിനായി 15-20 കോടി രൂപ വരെയാണ് തന്നോട് അനുഭാവം പുലർത്തുന്ന എംഎല്‍എമാര്‍ക്ക് ഭരണകക്ഷി കൈക്കൂലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് വാങ്ങാന്‍ തയാറാവാത്തവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ദിനകരന്‍ ആരോപിച്ചു.

കൈക്കൂലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമമാണ് ഇപിഎസ് വിഭാഗം നടത്തുന്നത്. എന്നാല്‍, മുഖ്യമന്ത്രിക്കും പോലീസുകാര്‍ക്കുമെതിരെ താന്‍ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

 നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ദിനകരന്‍ സെപ്റ്റംബര്‍ ഏഴിന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ദിനകരന്‍ പറഞ്ഞു. 

പാര്‍ട്ടിയെ സംരക്ഷിക്കുന്നതിന് ഏതറ്റംവരെ പോകാനും താന്‍ ഒരുക്കമാണ്. സര്‍ക്കാര്‍ പിരിച്ചുവിടാന്‍ പല കോണില്‍ നിന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ടെന്നും ദിനകരന്‍ അറിയിച്ചു. 

താന്‍ ഡിഎംകെയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഡിഎംകെ എപ്പോഴും ശത്രുപക്ഷത്താണെന്നും ദിനകരന്‍ വ്യക്തമാക്കി.

ജനറല്‍ കൗണ്‍സില്‍ യോഗമെന്ന പേരില്‍ ഇപിഎസ്-ഒപിഎസ് വിഭാഗങ്ങള്‍ വിളിച്ചത് വെറും പൊതുയോഗം മാത്രമാണെന്നും, അതില്‍ പങ്കെടുക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ദിനകരന്‍ അറിയിച്ചു.