ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒമ്പത് ബിഎസ്പി എംഎല്‍മാര്‍ സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളുടെ ഈ ചുവടുമാറ്റം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മായാവതിക്കും ബിഎസിപിക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. 

2017ലെ തിരഞ്ഞെടുപ്പില്‍ 19 സീറ്റാണ് മായാവതി നയിക്കുന്ന ബിഎസ്പിക്ക് ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നഷ്ടപ്പെട്ടു. അതോടെ ഉത്തര്‍പ്രദേശ് നിയമസഭയിലെ ബിഎസ്പി അംഗസംഖ്യ 18 ആയി. 

എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് മായാവതി പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മുതിര്‍ന്ന രണ്ട് നേതാക്കളെ അടുത്തിടെയാണ് പുറത്താക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഏഴ് പേരെ പുറത്താക്കിയത്. ഇനി ശേഷിക്കുന്നത് ഏഴ് എംഎല്‍എമാര്‍ മാത്രമാണ്. 

എംഎല്‍എമാരുടെ കൂടുമാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടി പ്രയോജനപ്പെടുത്തിയാല്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കാം. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2017ലാണ് മുന്‍മുഖ്യമന്ത്രിയായ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് അടിതെറ്റിയത്.

Content Highlights: MLAs From Mayawati's Party Meet Akhilesh Yadav, Say Sources