ലഖ്‌നൗ: താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ച സാക്ഷി മിശ്രയ്ക്കും ഭര്‍ത്താവ് അജിതേഷിനും പോലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം. അലഹബാദ്‌ ഹൈക്കോടതിയാണ് പോലീസ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയത്. 

ബറേലിയിലെ ബി.ജെ.പി എംഎല്‍എ രാജേഷ് മിശ്രയുടെ മകളായ സാക്ഷിയും ദളിത് യുവാവായ അജിതേഷും കഴിഞ്ഞയാഴ്ചയാണ്  വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുള്ള വിവാഹമായതിനാല്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതിപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം വ്യക്തമാക്കി സാക്ഷി രംഗത്തു വന്നിരുന്നു.

അതിനിടെ കോടതി പരിസരത്ത് വെച്ച് അജിതേഷിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് സംരക്ഷണം തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ വിവാഹ ജീവിതമാണാഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ഇരുവരേയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു. 

 

Content Highlights:  BJP MLA's Daughter Sakshi Misra UttarPradesh Love Marriage