ചെന്നൈ: തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ ഒമ്പത് മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്റ്റാലിന് ഒപ്പം 34 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ഡി.എം.കെ. ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തരമടക്കം മുമ്പ് കരുണാനിധി ചുമതലവഹിച്ച ഒട്ടുമിക്ക വകുപ്പുകളും മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന സ്റ്റാലിന്‍ വഹിക്കും.

സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇത്തവണ ഗാന്ധിയും നെഹ്‌റുവും ഉള്‍പ്പെടുന്നു എന്നതാണ് കൗതുകകരമായ വസ്തുത. റാണിപ്പേട്ടില്‍നിന്നുള്ള എംഎല്‍എ ആര്‍. ഗാന്ധി ഖാദി-ഗ്രാമ വ്യവസായം-ഭൂദാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും. ട്രിച്ചി വെസ്റ്റ് എംഎല്‍എ ആയ കെ. എന്‍. നെഹ്‌റു നഗരവികസന മന്ത്രിയാകും.

ദുരൈമുരുകനാണ് ജലവിഭവ വകുപ്പ്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാവും. യുവ എം.എല്‍.എ. അന്‍പില്‍ മഹേഷിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. കരുണാനിധിയുടെ കാലത്ത് ഡി.എം.കെ. മന്ത്രിസഭയിലുണ്ടായിരുന്ന 14 പേര്‍ക്ക് ഇത്തവണ അവസരം നല്‍കുന്നുണ്ട്.

മന്ത്രിമാരില്‍ 15 പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരുമുണ്ട്. ദളിത് വിഭാഗത്തില്‍നിന്ന് മൂന്ന് പേരും മുസ്ലിം സമുദായത്തില്‍നിന്ന് രണ്ടുപേരും മന്ത്രിസഭയില്‍ ഇടം നേടി.

Content Highights: MK Stalin, DMK Chief, Takes Oath As Tamil Nadu Chief Minister