ചെന്നെെ: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ചെന്നൈയിലെ സിറ്റി ബസിലെ യാത്രക്കാർ അപ്രതീക്ഷിതമായി എത്തിയ ഒരു യാത്രക്കാരനെ കണ്ട് അമ്പരന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു അത്. ശനിയാഴ്ചയായിരുന്നു സംഭവം. മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ചില വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോകവെയാണ് സ്റ്റാലിൻ കണ്ണഗി നഗറിൽ നിന്ന് ബസ്സിൽ കയറിയത്.

ഡിഎംകെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിക്കുകയും  ബസ്സിലെ സൗകര്യങ്ങൾ വിലയിരുത്തുകയും  ചെയ്തതായി സംസ്ഥാന സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വെെറലാകുകയാണ്. സംസ്ഥാന സർക്കാർ പുറത്തുവിട്ട വീഡിയോയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വന്നുനിൽക്കുന്നതും. എംകെ സ്റ്റാലിൻ റോഡ് മുറിച്ചുകടന്ന് മറുവശത്തുള്ള ബസിൽ കയറുന്നതും കാണാം.

അമ്പരന്നുപോയ യാത്രക്കാർ അദ്ദേഹത്തെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നതും ചില സ്ത്രീകൾ മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവരിൽ ചിലരോട് അദ്ദേഹം സംസാരിക്കുന്നതും കാണാം.

ഉത്സവ സീസണിന് മുന്നോടിയായി കേരളത്തിലേക്കുള്ള ബസുകൾ ഒഴികെയുള്ളവയിൽ 100 ശതമാനം സീറ്റുകളിലും യാത്രക്കാരെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശനിയാഴ്ച നവംബർ 15 വരെ നീട്ടുകയും എന്നാൽ ചില ഇളവുകൾ അനുവദിക്കുകയും ചെയ്തു. ഒരുപാട് ആളുകൾ ഒത്തുകൂടുന്ന ഉത്സവങ്ങൾക്കും രാഷ്ട്രീയ പരിപാടികൾക്കുമുള്ള നിരോധനം തുടരുമെന്നും സർക്കാർ അറിയിച്ചിരുന്നു.

Content Highlights: MK Stalin boarded city bus in chennai surprised travelers, video goes viral