ന്യൂഡല്‍ഹി : ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബറിനോട് രാജിവയ്ക്കാന്‍ പ്രധാനമന്ത്രിയും ബി.ജെ.പി.യും ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. 
വിദേശപര്യടനം പൂര്‍ത്തിയാക്കി ഡല്‍ഹിയിലെത്തിയ ഉടന്‍ അക്ബര്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും വിശദീകരണം നല്‍കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ രാജി ആവശ്യപ്പെടാനാണ് നീക്കമെന്ന് അറിയുന്നു.
അക്ബറിനെതിരേ ഒമ്പത് വനിതാ മാധ്യമപ്രവര്‍ത്തകരാണ് 'മീ ടൂ' പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാരോപണം ഉന്നയിച്ചത്. 

 രാജിവയ്ക്കുകയാണെങ്കില്‍ ലൈംഗികാരോപണത്തെത്തുടര്‍ന്ന് മോദിസര്‍ക്കാരില്‍നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ  മന്ത്രിയായിരിക്കും അക്ബര്‍. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നിഹാല്‍ചന്ദ് മേഘ്വാളിനാണ് ആദ്യ സ്ഥാനനഷ്ടമുണ്ടായത്. അക്ബറിനോട് ആഫ്രിക്കന്‍പര്യടനം വെട്ടിച്ചുരുക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നിഷേധിച്ചു.

അക്ബറിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന വിമര്‍ശനം ബി.ജെ.പി.ക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണം   പ്രഥമദൃഷ്ട്യാതന്നെ വിശ്വസനീയമായ തെളിവായി മാറിയെന്ന് ഒരുവിഭാഗം പറയുന്നു. മാത്രമല്ല, അക്ബര്‍ 2014 വരെ കടുത്ത ബി.ജെ.പി. വിമര്‍ശകനായിരുന്നെന്നും കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പുകാലത്താണ് പാര്‍ട്ടിയിലെത്തിയതെന്നും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതുവരെ കോണ്‍ഗ്രസിനോടായിരുന്നു അക്ബറിന് അടുപ്പം. 

അക്ബറിനെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തരുതെന്ന് ആര്‍.എസ്.എസും ആവശ്യപ്പെട്ടതായാണ് സൂചന. ധാര്‍മികച്യുതിയുള്ളവരെ അധികാരസ്ഥാനങ്ങളില്‍ ഇരുത്തരുതെന്നാണ് ആര്‍.എസ്.എസിന്റെ നിലപാട്. 
അതേസമയം, അക്ബര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പുള്ള കാലത്തെ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി ന്യായീകരിക്കാനും ശ്രമങ്ങളുണ്ട്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനുശേഷം ആരോപണമുയര്‍ന്നിട്ടില്ലെന്ന് അവര്‍ പറയുന്നു. മാത്രമല്ല, അക്ബറിനെതിരേ രേഖാമൂലമുള്ള പരാതിയോ എഫ്.ഐ.ആറോ ഇല്ല. ഈ വാദത്തിന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ ഏറെയില്ല.

മേനകാഗാന്ധിയും സ്മൃതി ഇറാനിയുമൊഴികെ കേന്ദ്രമന്ത്രിമാരോ നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനുപിന്നാലെ ഇടതുപാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചു. അക്ബറിന്റെ രാജി അനിവാര്യമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പറഞ്ഞു. 

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടപടിക്ക്

അഞ്ച് നിയമസഭാതിരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കേന്ദ്രമന്ത്രിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍നിന്ന് പെട്ടെന്ന് മുഖം രക്ഷിക്കാനാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ശ്രമം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് അക്ബര്‍. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഈ വിഷയം ഉന്നയിക്കുെമന്നതിനാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാനാണ് ബി.ജെ.പി. ദേശീയനേതൃത്വം ആലോചിക്കുന്നത്.