ഐസോള്‍: ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) അന്തരിച്ചു. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക, സിയോണയുടെ മരണവിവരം ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. 

38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉള്‍പ്പെട്ട ചനയുടെ വലിയകുടുംബം ലോകശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ  പ്രധാന ആകര്‍ഷണമായിരുന്നു. മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാന്‍ കാരണം ചനയുടെ വലിയ കുടുംബമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ചന പോള്‍ എന്ന ഉപഗോത്രത്തിന്റെകൂടി നാഥനാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണയുടെ ജനനം. 17 വയസുള്ളപ്പോള്‍ തന്നെക്കാള്‍ മൂന്ന് വയസ്സ് കൂടുതലുള്ള സ്ത്രീയുമായായിരുന്നു ആദ്യവിവാഹം. പിന്നീട് കുടുംബം വളര്‍ന്നു. 

ബാക്തോങ് തലാങ്‌നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്. വീട്ടിലെ പല മുറികളിലായി മക്കളും കൊച്ചുമക്കളും താമസിക്കുന്നു. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം.

Content Highlights: Mizoram man believed to head world’s largest family with 38 wives, 89 kids dies