മിസോറാമിലെ സെലിങ് ദേശീയപാതയ്ക്കരികിലെ കുറേ കടകള്‍ നമ്മെ അദ്ഭുതപ്പെടുത്തുക മാത്രമല്ല ചില ജീവിതമൂല്യങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്യും. ഐസ്വാളില്‍ നിന്ന് കുറച്ച് മണിക്കുറുകള്‍ മാത്രം യാത്ര ചെയ്ത് എത്താവുന്ന സ്ഥലമാണ് സെലിങ്. പ്രദേശത്തെ ജനങ്ങള്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഏറെ കൗതുകമുണര്‍ത്തുന്ന ഒരു ആചാരമാണ് ഇവിടത്തെ പ്രത്യേകത. 

ങാഹ് ലോ ഡോവ്ര്‍ (Nghah Lou Dawr). അതായത് കടയുടമകളില്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ എന്ന രീതിയാണ് ഇവിടത്തെ ജനങ്ങള്‍ തുടര്‍ന്നു വരുന്നത്. പരസ്പരമുള്ള വിശ്വാസ്യത- ഇവിടത്തെ ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്നുവെന്നുള്ളത് മറ്റിടങ്ങളിലുള്ളവരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. മനോഹരമായ ഈ ആചാരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മൈ ഹോം ഇന്ത്യ എന്ന എന്‍ജിഒയുടെ ട്വിറ്റര്‍ പേജിലാണ് വീണ്ടുമിപ്പോള്‍ സെലിങ്ങിലെ ആചാരം താരമായിരിക്കുന്നത്.

കടകള്‍ തുറന്ന്, വില്‍പനയ്ക്കുള്ള സാധനങ്ങള്‍ നിരത്തി വെച്ച ശേഷം ഉടമകള്‍ മറ്റു കാര്യങ്ങള്‍ക്കായി പോകും. സാധനങ്ങളുടെ വില എഴുതി പ്രദര്‍ശിപ്പിച്ചിരിക്കും. സാധനങ്ങളുടെ വിലയായി നല്‍കേണ്ട പണമിടാന്‍ ഒരു പെട്ടിയും ഇവിടെ സൂക്ഷിക്കും. സാധനമെടുക്കുന്നവര്‍ അതിന്റെ വില പണപ്പെട്ടിയില്‍ നിക്ഷേപിക്കും. എത്ര മനോഹരമായ ആചാരങ്ങള്‍ അല്ലേ!

നിരവധി പേരാണ് ഈ പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ച് ട്വീറ്റിനോട് പ്രതികരിച്ചത്. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ നന്മയുള്ള ആളുകള്‍ എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഈ ഭാഗത്ത് യാത്ര പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ പ്രദേശം സന്ദര്‍ശിക്കുമെന്ന് മറ്റൊരാള്‍ ആഗ്രഹം പ്രകടമാക്കി. ഇന്ത്യയില്‍ മറ്റിടങ്ങളിലെ ഈ ആചാരം തുടരുന്ന സ്ഥലങ്ങളെ കുറിച്ചും പലരും ട്വീറ്റിന് മറുപടി നല്‍കി. 

Content Highlights: Mizoram has shops without shopkeepers