ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ പ്രശംസിച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നടപടി കോണ്‍ഗ്രസിനെ ഒട്ടാകെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ആസാദ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഇന്ന് പ്രസ്താവനയിറക്കിയതിനു പിന്നാലെയാണ് ഇത്.

കഴിഞ്ഞ ദിവസം ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു മോദിയെ ആസാദ് പ്രശംസിച്ചത്. ഇത് കോണ്‍ഗ്രസില്‍ വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ചില്ലെന്നും അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായതെന്നും ആസാദുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. ശരിയായ സമയത്ത് ആസാദ് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ജനങ്ങള്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ് വാലയെന്നാണ്. നരേന്ദ്രമോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്'- എന്നായിരുന്നു ആസാദിന്റെ വാക്കുകള്‍.

രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനല്‍കിയതിന് പിന്നാലെയായിരുന്നു ആസാദിന്റെ മോദിപ്രശംസ. ഗുലാം നബി ആസാദിന് വിടനല്‍കിക്കൊണ്ട് രാജ്യസഭയില്‍ നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു. 2007-ലെ ഭീകരവാദ അക്രമത്തില്‍ കശ്മീരില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നല്‍കിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മോദി വികരാധീനനായത്.

പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഇന്ന് ട്വീറ്റ് ചെയ്തു. ഗുലാം നബി ആസാദിന്റെയും മറ്റൊരു മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മയുടെയും പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അധീര്‍ രഞ്ജന്റെ പ്രതികരണം. വ്യക്തിപരമായ സൗകര്യങ്ങള്‍ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിയെ സ്തുതിക്കുകയും ചെയ്യുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്, അവരെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ല എന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റ്.

ബിജെപിയുടെ വിഷലിപ്തമായ വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുകയും പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയുമാണ് അവര്‍ ചെയ്യേണ്ടതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

പശ്ചിമബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്റുവും മുന്നോട്ടുവെച്ച കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പാടില്ല. എല്ലാ തരത്തിലുമുള്ള വര്‍ഗീയതയ്ക്കെതിരെയും നാം പോരാടണം. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

content highlights: misunderstood-after ghulam nabi azad's praise for modi; a clarification from sources close to him