ന്യൂഡൽഹി: കോവിഡ് 19 കേസുകൾ ചിലപ്പോൾ കണ്ടെത്താനായില്ലെന്നുവരാം എന്നാൽ കോവിഡ്  മരണങ്ങൾ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങൾ യഥാർഥ മരണങ്ങൾ കുറച്ചുകാണിച്ചുകൊണ്ടുളള റിപ്പോർട്ടാണ് പുറത്തുവിടുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് തളളിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയിരിക്കുന്നത്.

'പകർച്ചവ്യാധിയുടെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും മാനദണ്ഡങ്ങൾ കാരണം ചിലപ്പോൾ കോവിഡ് 19 കേസുകൾ കണ്ടെത്താനായില്ലെന്ന് വരാം. എന്നാൽ കരുത്തുറ്റതും ചട്ടങ്ങൾ അടിസ്ഥാനമാക്കിയുളള ഇന്ത്യയിലെ മരണ രജിസ്ട്രേഷൻ കാരണം കോവിഡ് മരണങ്ങൾ കണക്കിൽ പെടാതെ പോകുന്നത് അസംഭവ്യമാണ്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ രാജ്യത്താകമാനമുളള ആരോഗ്യമേഖല ചികിത്സാ സഹായംആവശ്യമുളള കേസുകൾ ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ, രേഖപ്പെടുത്തുന്നതോ വൈകിയേക്കാം. പക്ഷേ അത് പിന്നീട് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ശരിയാക്കിയിട്ടുണ്ട്, അതിപ്പോഴും തുടരുകയാണ്. - പ്രസ്താവനയിൽ ആരോഗ്യമന്ത്രാലയം പറയുന്നു.

എട്ടുസംസ്ഥാനങ്ങളിൽ കോവിഡ് മരണ റിപ്പോർട്ടിങ് കുറച്ചുകാണിക്കുന്നുവെന്നായിരുന്നു മാധ്യമ വാർത്ത. ഇത് വെറും ഊഹാപോഹമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളോട് ആശുപത്രികളിൽ സമഗ്രമായ ഓഡിറ്റ് നടത്താനും ജില്ല, തീയതി തിരിച്ച് ഏതെങ്കിലും മരണങ്ങൾ രേഖപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Content Highlights: missing out on deaths completely unlikely Centre