ന്യൂഡല്‍ഹി:തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ, പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരായ രണ്ടുപേര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ.യുടെ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തിങ്കളാഴ്ച രാവിലെ എട്ടുമണി മുതലാണ് എംബസിയിലെ ഡ്രൈവര്‍മാരായ രണ്ടുപേരെ കാണാതായത്. ജീവനക്കാരെ കാണാതായതിനു പിന്നാലെ ഇന്ത്യയിലെ പാകിസ്താന്‍ പ്രതിനിധിയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഡ്രൈവര്‍മാരെ കാണാതായതിനു പിന്നാലെ ഇന്ത്യ പാകിസ്താന്‍ സര്‍ക്കാരിന് പരാതിയും നല്‍കിയിരുന്നു.

ഇന്ത്യയിലെ പാകിസ്താന്‍ എംബസി ഉദ്യോഗസ്ഥരായിരുന്ന രണ്ട് പാകിസ്താനികളെ ചാരപ്രവര്‍ത്തി ആരോപിച്ച് നാടുകടത്തി ആഴ്ചകള്‍ക്കു പിന്നാലെയാണ് ഈ സംഭവം. ഇന്ത്യയിലെ പാകിസ്താന്‍ എംബസിയിലെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ചാരപ്രവര്‍ത്തിക്കിടെ പിടികൂടിയത്.

പാകിസ്താനില്‍ ജോലി ചെയ്യുന്ന ഇന്ത്യയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്ലാമാബാദ് നിരീക്ഷിച്ചുവരികയാണ്. കടുത്ത നിരീക്ഷണങ്ങള്‍ക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

content highlights: missing indian high commission staffers are in isi custody says reports