ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പാകിസ്താനിലേയ്ക്കു പോയ മുസ്ലിം പുരോഹിതര്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ട്. പേരു വെളിപ്പെടുത്താത്ത ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് പിടിഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് എട്ടിനാണ് ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട് സൂഫി പുരോഹിതര്‍ പാകിസ്താനിലേയ്ക്ക് പോയത്. ലാഹോര്‍ വിമാനത്താവളത്തില്‍വെച്ച് ഇവരെ കാണാതാവുകയായിരുന്നു. ഇവരെ പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

പുരോഹിതരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരുന്നതായുമാണ് പാകിസ്താന്‍ വിദേശകാര്യ വകുപ്പിന്റെ വക്താവ് നഫീസ് സക്കറിയ വെള്ളിയാഴ്ച പറഞ്ഞത്.