ഡല്‍ഹി: തലസ്ഥാന നഗരിയിലെ ഐ.ടി.ഒ പരിസരത്ത് മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ കാണാനില്ലെന്ന പോസ്റ്ററുകള്‍ കണ്ടവര്‍ ആദ്യം ഒന്ന് ഞെട്ടി. എന്നാല്‍ തലസ്ഥാനത്തെ എം.പികൂടിയായ താരം ഡല്‍ഹിയിലെ വായുമലിനീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന നിര്‍ണായക യോഗത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ എതിരാളികള്‍ കൊടുത്ത പണിയാണ് ഇതെന്ന് പിന്നീടാണ് മനസ്സിലായത്.
''നിങ്ങള്‍ അദ്ദേഹത്തെ കണ്ടോ? ഇന്‍ഡോര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിന്ന് ജിലേബി കഴിക്കുമ്പോഴാണ് അദ്ദേഹത്തെ അവസാനം കണ്ടത്. ഡല്‍ഹിയിലെ ജനങ്ങള്‍ മുഴുവന്‍ അദ്ദേഹത്തെ തിരയുകയാണ്''' - പോസ്റ്ററില്‍ പറയുന്നു. യോഗത്തിന് പങ്കെടുക്കാതെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന് കമന്ററി പറയുകയായിരുന്നു ഗംഭീര്‍.
വിഷയത്തില്‍ ഗംഭീറിനെതിരെ എ.എ.പി ഉള്‍പ്പടെയുള്ള കക്ഷികള്‍ നിശിതമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണിനൊപ്പം സ്റ്റേഡിയത്തിലിരുന്ന് ജിലേബി കഴിക്കുന്ന ഗംഭീറിന്റെ ഫോട്ടോ ഉയര്‍ത്തിക്കാട്ടിയായിരുന്നു എഎപി ഗംഭീറിനെ വിമര്‍ശിച്ചത്.
''ഉപജീവനത്തിനത്തിന്റെ ഭാഗമായാണ് യോഗം ബഹിഷ്‌കരിച്ചതെന്നാണ് ബഹുമാനപ്പെട്ട എം.പി പറഞ്ഞിരുന്നത്. അതേ ശ്വാസത്തില്‍ തന്നെ എം.പിയെന്ന നിലയിലുള്ള തന്റെ ശമ്പളം മണ്ഡലത്തിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറയുന്നു''- എഎപിയുടെ ആതിഷി മര്‍ലേന ട്വീറ്റ് ചെയ്തു.
content highlights: Missing Gautam Gambhir posters spotted in Delhi after MP skips pollution meet