കോഴിക്കോട്: കഠുവ കേസുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.ടി. ജലീല്‍. ആരോപണവിധേയരായ പി.കെ.ഫിറോസിനും സി.കെ. സുബൈറിനുമെതിരേ അന്വേഷണം നടത്തുമെന്നും കെ.ടി. ജീലീല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പി.കെ.ഫിറോസിനും സി.കെ. സുബൈറും സ്വത്ത് വെളിപ്പെടുത്തണമെന്നും സ്വയം തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ എന്തെല്ലാം ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യും. ഇത് തേയ്ച്ച് മായ്ച് കളയാമെന്ന് മുസ്ലീം ലീഗോ, യൂത്ത് ലീഗോ കരുതേണ്ട എന്നും ജലീല്‍ പറഞ്ഞു. യൂത്ത് ലീഗ് നേതാക്കന്മാരുടെ അവിഹിത സമ്പാദ്യം, വീടുകള്‍, വിദേശയാത്രകള്‍ ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

" 39 ലക്ഷം പിരിച്ചു എന്നാണ് പറയുന്നത്. മലപ്പുറം ജില്ലയില്‍ പിരിവ് നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി മുഖപത്രത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഞാന്‍ പങ്കെടുത്ത പള്ളിയില്‍ പിരിവ് നടത്തിയിരുന്നു. ഇത് ഗുജറാത്ത് ഫണ്ട് പോലെയാകരുതെന്നും കണക്ക് വേണമെന്നും ഞാനവരോട് പറഞ്ഞിരുന്നു." - അദ്ദേഹം പറഞ്ഞു. 

പണപ്പിരിവിന്റെ കാര്യത്തില്‍ ലീഗ് ഒരു അവധാനതയും കാണിക്കാറില്ല. സുനാമി ഫണ്ടും ഗുജറാത്ത് ഫണ്ടും ലീഗാണ് പിരിച്ചത്. അന്ന് കുറ്റകരമായ അനാസ്ഥയാണ് അവര്‍ കാണിച്ചത്. അതിനെതിരേയാണ് ഞാന്‍ ശക്തമായി ശബ്ദം ഉയര്‍ത്തിയത്. തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരിലാണ് താന്‍ പുറത്താക്കപ്പെട്ടതെന്നും ജലീല്‍ പറഞ്ഞു. 

ഒരു പൈസ പോലും ജനങ്ങളില്‍ നിന്ന് ഇത്തരം ആവശ്യങ്ങള്‍ക്ക് ഇനിയെങ്കിലും പിരിക്കരുതെന്നാണ് മുസ്ലം ലീഗിന്റേയും യുത്ത് ലീഗിന്റേയും പ്രവര്‍ത്തകരോട് പറയാനുള്ളതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ കൈയ്യില്‍ കൊടുത്താല്‍ ഒരിക്കലും അത് നമ്മള്‍ ഉദ്ദേശിച്ചിടത്ത് എത്തില്ല എന്ന് ഉറപ്പാണെന്നും ജലീല്‍ പറഞ്ഞു. 

Content Highlights: Misappropriation of Kathua -Unnao funds; Will be investigated says K. T. Jaleel