ന്യൂഡല്‍ഹി: ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഗ്വാളിയോര്‍ ബേസ് ക്യാമ്പില്‍നിന്ന് 12 മിറാഷ് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. അകമ്പടിയായി  മറ്റു ബേസ് ക്യാമ്പുകളില്‍നിന്ന് സുഖോയ് വിമാനങ്ങളും. മണിക്കൂറുകള്‍ക്കുള്ളില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടി. വധിച്ചത് ഇരുന്നൂറിലേറേ ഭീകരരെ. ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മികവ് തെളിയിച്ച രണ്ടാം മിന്നലാക്രമണത്തിന്റെ ചുരുക്കം ഇങ്ങനെ. 

ഫെബ്രുവരി 26-ന് പാക് ഭീകരകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ തീരുമാനമെടുത്തതിന് പിന്നാലെ ഗ്വാളിയോറിലെ വ്യോമസേന ബേസ് ക്യാമ്പില്‍ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ സര്‍വസജ്ജമായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ 12 മിറാഷ് വിമാനങ്ങള്‍ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയതോടെ അകമ്പടിയായി സുഖോയ്-30എംകെഐ വിമാനങ്ങളും ദൗത്യത്തില്‍ ഒപ്പംചേര്‍ന്നു. ബറേലി, ഹല്‍വാര എയര്‍ബേസുകളില്‍നിന്നുള്ള സുഖോയ് വിമാനങ്ങളാണ് മിറാഷ് വിമാനങ്ങള്‍ക്ക് അകമ്പടിസേവിച്ചത്. മിറാഷ് വിമാനങ്ങള്‍ക്കുനേരേ എന്തെങ്കിലും ആക്രമണങ്ങളുണ്ടായാല്‍  പ്രത്യാക്രമണം നടത്താനായിരുന്നു സുഖോയ് വിമാനങ്ങളും ദൗത്യത്തില്‍ പങ്കാളികളായത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ സന്നാഹം കണ്ട് പാക്ക് വിമാനങ്ങള്‍ പിന്‍വാങ്ങിയതോടെ സുഖോയ് വിമാനങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നില്ല. 

പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കിടെ മിറാഷ് യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവച്ച് തന്നെ ഇന്ധനം നിറയ്ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ആഗ്ര ക്യാമ്പിലെ ഇല്യുഷിന്‍ 78എസ് എയര്‍ ടാങ്കറില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറച്ചത്. ഇതിനുമുന്‍പ് പാക് അതിര്‍ത്തിയിലെ ഓരോനീക്കങ്ങളും നിരീക്ഷിച്ച് നേത്ര വിമാനങ്ങള്‍ സദാജാഗരൂകരായിരുന്നു. 

പാക് ഭീകരകേന്ദ്രങ്ങളില്‍  വ്യോമാക്രമണം നടത്താന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ദൗത്യത്തിന്റെ തൊട്ടുമുന്‍പ് മാത്രമാണ് മിറാഷ് വിമാനങ്ങള്‍ ഗ്വാളിയോറില്‍നിന്ന് പുറപ്പെട്ടത്. അതിര്‍ത്തിയില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഉള്‍പ്പെടെ നിരീക്ഷണം നടത്തുമെന്നതിനാല്‍ പ്രത്യക്ഷമായ നീക്കങ്ങള്‍ ഒഴിവാക്കുകയായിരുന്നു. മിറാഷ് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ബേസ് ക്യാമ്പുകളില്‍നിന്ന് പറന്നുയര്‍ന്നാല്‍ പാക്ക് റഡാറുകളുടെ കണ്ണില്‍പ്പെട്ടേക്കാമെന്നതും ഇതിന് കാരണമായി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വ്യോമാക്രമണത്തിനായി ഗ്വാളിയോര്‍ ബേസ് ക്യാമ്പിലെ മിറാഷ് വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. 

Content Highlights: mirage fighter jets from gwalior base camp used for second surgical strike