ലഖ്‌നൗ: വ്യോമസേനയുടെ മിറാഷ് യുദ്ധവിമാനത്തിന്റെ മോഷണം പോയ ടയര്‍ കണ്ടെത്തി. ടയര്‍ തിരികെ ലഭിച്ച കാര്യം ഉത്തര്‍ പ്രദേശ് പോലീസാണ് സ്ഥിരീകരിച്ചത്. മിറാഷ്- 2000 യുദ്ധവിമാനത്തിന്റെ ടയറുകളുമായി പോവുകയായിരുന്ന ട്രക്കില്‍നിന്ന് നവംബര്‍ 27-നാണ് ഒരു ടയര്‍ കാണാതായത്. ലഖ്‌നൗവിലെ ഷഹീദ് പഥ് മേഖലയില്‍വെച്ചയിരുന്നു സംഭവം. 

ലഖ്‌നൗവിലെ ബക്ഷി കാ തലാബ് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് രാജസ്ഥാനിലെ ജോധ്പുര്‍ എയര്‍ബേസിലേക്ക് യുദ്ധവിമാനത്തിനു വേണ്ടിയുള്ള പുതിയ ടയറുകളും മറ്റ് ഉപകരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ട്രക്ക്. ഈ യാത്രയ്ക്കിടെയാണ് ഒരു ടയര്‍ ട്രക്കില്‍നിന്ന് നഷ്ടപ്പെട്ടത്. ഇതിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ലഖ്‌നൗ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

ശനിയാഴ്ച (ഡിസംബര്‍ നാല്) രണ്ടുപേര്‍ ടയറുമായി ബക്ഷി കി താലബ് എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ എത്തുകയായിരുന്നെന്ന് ലഖ്‌നൗ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. മോഷണം നടന്നതായി പറയപ്പെടുന്ന സ്ഥലത്തുനിന്നാണ് തങ്ങള്‍ക്ക് ഈ ടയര്‍ കിട്ടിയതെന്ന് ഇരുവരും പറഞ്ഞു. ട്രക്കിന്റെ ടയര്‍ ആണെന്ന് കരുതിയാണ് വീട്ടില്‍ കൊണ്ടുപോയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

ടയര്‍, തങ്ങളുടെ സപ്ലൈ ഡിപ്പോയില്‍നിന്നുള്ളതാണെന്നും മിറാഷ് വിമാനത്തിന്റേതാണെന്നും എയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

content highlights: mirage figher jet tyre recovered