
സ്ഫോടനമുണ്ടായ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയപ്പോൾ | ഫോട്ടോ: ANI
ന്യൂഡല്‍ഹി: ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം. വെള്ളിയാഴ്ച വൈകുന്നേരം 5.15 ഓടെ എംബസിക്ക് മുന്നിലുള്ള നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അഞ്ചു കാറുകളുടെ ചില്ലുകള്‍ തകർന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രത്യേക പോലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.
ഡല്‍ഹിയിലെ എംപിമാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന മേഖലയാണ് അബ്ദുള്‍ കലാം റോഡ്. ഇസ്രയേല്‍ എംബസിയുള്‍പ്പെടുന്ന മേഖല എല്ലായ്പ്പോഴും പൊതുവെ കനത്ത സുരക്ഷാ വലയത്തിലാണ്.
വിജയ്ചൗക്കില് നിന്നും വെറും രണ്ട് കിലോമീറ്റര്‍ ദൂരെ അകലത്തിലാണ് സ്ഫോടനമുണ്ടയാത്. റിപ്പബ്ലിക് ദിനത്തിന്റെ സമാപന പരിപാടിക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലെത്തിയിട്ടുണ്ട്. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ സംഭവത്തെ നോക്കിക്കാണുന്നത്.
ഐഇഡിയെന്ന് സംശയിക്കുന്ന സ്ഫോടകവസ്തു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് നടപ്പാതയില്‍ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. ഇത് പൊട്ടിത്തെറിച്ചാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ന്നത്. പ്രദേശം ഇപ്പോൾ കനത്ത പോലീസ് സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെ മേഖലയിലേക്ക് അയക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സ്ഫോടനത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവയും ഇന്റലിജന്‍സ് ബ്യൂറോ ചീഫ് അരവിന്ദ് കുമാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക നല്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
ഇത് ഒരു ഭീകരാക്രമണമാണോ അല്ലയോ എന്നത് ഇപ്പോഴും സ്ഥിരീകരിക്കാനായിട്ടില്ല. പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരോ ചെയ്തതാകാമെന്നും നിഗമനമുണ്ട്. പക്ഷേ വിവിഐപി മേഖലയിലാണ് സ്ഫോടനം നടന്നതെന്നത് കണക്കിലെടുത്ത് എല്ലാ ഏജന്‍സികളെയും ഏകോപിപ്പിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1992 ജനുവരി 29 ന് ഇന്ത്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ വാര്‍ഷികത്തിലാണ് സ്ഫോടനം ഉണ്ടായത്. ഇസ്രയേല്‍ എംബസിക്കു സമീപം എട്ട് വര്‍ഷത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. 2012 ഫെബ്രുവരി 13നായിരുന്നു ഇതിനു മുമ്പ് സ്ഫോടനം ഉണ്ടായത്.
content highlights: Minor blast in delhi, no one injured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..