ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. 

മമതയോടൊപ്പം കേന്ദ്രസര്‍ക്കാരിനെതിരായ  ധര്‍ണയില്‍ പങ്കെടുത്ത ബംഗാള്‍ ഡി.ജി.പി. വീരേന്ദ്ര, എ.ഡി.ജി.പിമാരായ വിനീത്കുമാര്‍ ഗോയല്‍, അനൂജ് ശര്‍മ്മ, കമ്മിഷണര്‍ ഗ്യാന്‍വാന്ദ് സിങ്, എ.സി.പി. സുപ്രദീം ധാര്‍ക്കാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് കളമൊരുങ്ങുന്നത്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയസമരത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇവരുടെ സര്‍വ്വീസ് മെഡലുകള്‍ തിരിച്ചെടുക്കാനും കേന്ദ്രസര്‍വ്വീസില്‍ നിന്ന് ഇവരെ ഒഴിവാക്കാനും സാധ്യതയുണ്ട്. 

കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ്കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ എത്തിയതോടെയാണ് ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കമ്മിഷണറെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇതിനുപിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രം ഭരണഘടനയും ഫെഡറല്‍ സംവിധാനവും അട്ടിമറിക്കുകയാണ് എന്നാരോപിച്ച് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ ധര്‍ണയും ആരംഭിച്ചു. പിന്നീട് സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് മമത ധര്‍ണ അവസാനിപ്പിച്ചത്. 

Content Highlights: ministry of home affairs may be take action against five police officers from bengal who joined mamata's protest