ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 

സിആര്‍പിഎഫ്(24), ബിഎസ്എഫ്(12) ഐടിബിപി(12) സിഐഎസ്എഫ്(12) എസ്എസ്ബി(12) എന്നീ കേന്ദ്ര സായുധസേന കമ്പനികളെയാണ് കശ്മീരില്‍നിന്ന് പിന്‍വലിക്കുന്നത്. കശ്മീരിലെ സുരക്ഷ നടപടികള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ്  കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി നാലുമാസം പിന്നിടുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ ജിസി മുര്‍മു, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കെ ബല്ല തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അല്പസമയം യോഗത്തില്‍ പങ്കെടുത്തിരുന്നു. 

Content Highlights: ministry of home affairs decided to withdraw 72 company central armed force from kashmir