പ്രതീകാത്മക ചിത്രം| ഫോട്ടോ: പി.ടി.ഐ.
ന്യൂഡല്‍ഹി: മാസ്ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്ക് ധരിക്കുന്നത് തുടരണമെന്നും കൈകളുടെ ശുചിത്വം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാക്സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.
മാസ്ക് ധരിക്കുന്നതിലും കൈകളുടെ ശുചിത്വം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ഇവ അസത്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. മാസ്ക് ധരിക്കുന്നതും കൈകളുടെ ശുചിത്വം പാലിക്കുന്നതും തുടരണമെന്നും മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.
കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട്, 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ മാസ്ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല.
കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്കും കൂടിച്ചേരലുകള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കുന്നത്. കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കും.
Content Highlights: Ministry of Health urges to continue mask use
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..