പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
ന്യൂഡല്‍ഹി: മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം സുപ്രീം കോടതി ഭരണഘടന ബെഞ്ച് തള്ളി. അഭിപ്രായ സ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ നിലവില്‍ തന്നെ ഭരണഘടനയില്‍ ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മന്ത്രിമാര്‍ നടത്തുന്ന എല്ലാ പരാമര്‍ശങ്ങളും സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാന്‍ ആയി കഴിയില്ലെന്നും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അംഗങ്ങള്‍ വിധിച്ചു. അതെ സമയം മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.
ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പൊതുപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം തള്ളിയത്. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി. രാമസുബ്രമണ്യം എഴുതിയ വിധിയോട് ജസ്റ്റിസ്മാരായ അബ്ദുള്‍ നസീര്‍, ബി.ആര് ഗവായ്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ യോജിച്ചു. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്ന പരിഗണന വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിയാണ് പ്രത്യേക വിധി എഴുതിയത്.
അഭിപ്രായ സ്വാന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങളെ സംബന്ധിച്ച് ഭരണഘടനയുടെ 19 (2) വകുപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിനപ്പുറമുള്ള നിയന്ത്രണങ്ങള്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് ആവശ്യമില്ലെന്നാണ് ഭരണഘടനാ ബെഞ്ച് വിധിച്ചത്. പെമ്പിളെ ഒരുമൈ സമരത്തിനെതിരെ മുന്‍ മന്ത്രി എം എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികളിലടക്കമാണ് വിധി പ്രസ്താവിച്ചത്. ഭരണഘടന ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ എം എം മണി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇനി പ്രത്യേകമായി പരിഗണിക്കും.
വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിയമം പാസാക്കണെമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന
വിദ്വേഷ പ്രസംഗങ്ങള്‍ക്കും, ജനങ്ങലെ ഇകഴ്ത്തി കാണിക്കുന്ന പ്രസംഗങ്ങളും തടയുന്നതിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് ജസ്റ്റിസ് ബി. നാഗരത്ന. പ്രത്യേക വിധിയിലാണ് ജസ്റ്റിസ് നാഗരത്ന നിലപാട് വ്യക്തമാക്കിയത്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് സിവില്‍, ക്രിമിനല്‍ കേസുകളുമായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
മന്ത്രിമാര്‍ നടത്തുന്ന അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ നിലപാടായി കണക്കാക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ തങ്ങളുടെ നേതാക്കള്‍ കടക്കുന്നില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് നാഗരത്ന പ്രത്യേക വിധിയില്‍ വ്യക്തമാക്കി.
Content Highlights: Ministers freedom of expression supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..