മമത, സുവേന്ദു അധികാരി| Photo:pti
കൊല്‍ക്കത്ത: ചൊവ്വാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ബിഹാറിലെക്കാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അതേദിവസം തന്നെ സമാനമായ ഒരു രാഷ്ട്രീയചലനത്തിന് വേദിയൊരുങ്ങുകയാണ് പശ്ചിമബംഗാളില്‍.
മമത മന്ത്രിസഭയിലെ അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃനിരയിലെ പ്രബലനുമായ സുവേന്ദു അധികാരി മെഗാ റാലിയെ അഭിസംബോധന ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാകയോ മമതാ ബാനര്‍ജിയുടെ ചിത്രങ്ങളോ വേദിയിലുണ്ടാരിക്കില്ല എന്നതാണ് ശ്രദ്ധേയം.
ബംഗാള്‍ ഗതാഗത മന്ത്രിയായ സുവേന്ദു അധികാരി ബിജെപിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താനൊറ്റയ്ക്കല്ല, തൃണമൂലിനെ പിളര്‍ത്തിയെടുത്താണ് കൂറുമാറുന്നതെന്ന പ്രഖ്യാപനമാകും റാലിയിലൂടെ സുവേന്ദ നല്‍കുക. നന്ദിഗ്രാമിലാണ് ചൊവ്വാഴ്ച റാലി സംഘടിപ്പിച്ചിരിക്കുന്നത്.
പുരുലിയ,നാദിയ, മുര്‍ഷിദാബാദ്, ഈസ്റ്റ് മിദ്നപുര് തുടങ്ങിയ ജില്ലകളിലും സുവേന്ദ അധികാരിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. തൃണമൂല്‍ എംപിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിക്ക് പാര്‍ട്ടി നേതൃനിരയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് സുവേന്ദ അധികാരിയുടെ അതൃപ്തിക്ക് പിന്നില്‍. 2007-08-ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദ. എന്നാല്‍ നേതൃനിരയില്‍ നിരന്തരം സുവേന്ദയെ അവഗണിക്കുന്നുവെന്നാണ് പരാതി.
2011-ല്‍ സുവേന്ദയെ മാറ്റിയാണ് അഭിഷേക് ബാനര്‍ജിയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത്. താന്‍ പടി പടിയായിട്ടാണ് ഇപ്പോള്‍ മന്ത്രി വരെയെങ്കിലും ആയതെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങില്‍ അഭിഷേക് ബാനര്‍ജിയെ ലക്ഷ്യമിട്ടുകൊണ്ട് സുവേന്ദ പറഞ്ഞു.
സുവേന്ദ അധികാരി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത് തൃണമൂലിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വിപുലമായ സംഘടനാ ശൃംഖലയുള്ളയാളാണ് അദ്ദേഹം. തൃണമൂലിന്റെ ചുരുക്കം വരുന്ന ജനകീയ നേതാക്കളിലൊരാളായ സുവേന്ദ പാര്‍ട്ടി വിടുകയാണെങ്കില്‍ കൂടുതല്‍ നേതാക്കളെ സമാനമായ തീരുമാനത്തിന് പ്രേരിപ്പിക്കുമെന്നും വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബിജെപിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതല്‍കൂട്ടാകും.
പാര്‍ട്ടിയിലെ അസംതൃപ്തിക്ക് പുറമെ സുവേന്ദയ്ക്ക് തൃണമൂല്‍ വിടാനുള്ള ചില നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മമതയുടെ അടുത്ത അനുയായിയും ഇപ്പോള്‍ ബിജെപി ദേശീയ സെക്രട്ടറിയുമായ മുകുള്‍ റോയിക്കൊപ്പം നാരദ കേസില്‍ സുവേന്ദയുടെ പേരും ഇടംപിടിച്ചിട്ടുണ്ട്.
Content Highlights: Minister Suvendu Adhikari's Events With No Trinamool Posters Hint Of Exit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..