ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെ ന്യായീകരിച്ച് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ഇടത്തോട്ടടുക്കാത്തവരെയെല്ലാം വിമര്‍ശനവാളുയര്‍ത്തി കടുംവെട്ടു വെട്ടുക എന്ന രീതിയാണ് ഗൊഗോയിക്കെതിരേ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

''വിരമിക്കുന്നതിനു തൊട്ടുമുമ്പ് അയോധ്യ, ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ തുടങ്ങി വിവാദമായ പല കേസുകളുടെയും വിധിപറഞ്ഞ ബെഞ്ചിന് ജസ്റ്റിസ് ഗൊഗോയ് നേതൃത്വം നല്‍കിയെന്നു ചൂണ്ടിക്കാട്ടിയാണു വിമര്‍ശനം. ജസ്റ്റിസ് ഗൊഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരേ വാര്‍ത്താസമ്മേളനം നടത്തിയത് എന്തിനാണെന്ന് ഈ വിമര്‍ശകര്‍ സൗകര്യപൂര്‍വം മറന്നതായിരിക്കും.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രംഗനാഥ് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്ന് 1998-ല്‍ പാര്‍ലമെന്റംഗമായി. അതും വിമര്‍ശകര്‍ മറന്നതായിരിക്കും. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനുള്ള ഉപകാരസ്മരണയായിരുന്നു മിശ്രയുടെ രാജ്യസഭാംഗത്വമെന്നായിരുന്നു അന്നുയര്‍ന്ന വിമര്‍ശനം.